ഗവര്‍ണര്‍ വിളിപ്പിച്ചു: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും വിശദീകരിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2017 05:43 PM  |  

Last Updated: 06th December 2017 05:43 PM  |   A+A-   |  

 

തിരുവന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും ആരായുന്നതിനായി മുഖ്യമന്ത്രിയെ രാജ് ഭവനിലേക്ക് വിളിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചു. ഗവര്‍ണറുടെ ക്ഷണപ്രകാരമെത്തിയ മുഖ്യമന്ത്രി വിവരങ്ങള്‍ വിശദീകരിക്കുകയായിരുന്നെന്ന് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. 

ചുഴലിക്കാറ്റിന്റെ ദുരന്തം,വ്യാപ്തി തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. കൂടാതെ സര്‍ക്കാര്‍ കൈക്കൊണ്ട ദുരന്ത നിവാരണ പരിപാടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ട പ്രത്യേക നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങളും ഗവര്‍ണറെ അറിയിച്ചു. 

നേരത്തെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയത് വിവാദമായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഗവര്‍ണറുടെ ട്വീറ്റില്‍ സമ്മണിന് പകരം ഇന്‍വിറ്റേഷന്‍ എന്നായിരുന്നു പ്രയോഗിച്ചിരുന്നത്.