മൃതദേഹം ചുമലിലേറ്റി നടന്ന മാജിയെ ഓര്‍മയുണ്ടോ?; പുതിയ ലുക്ക് വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 06th December 2017 08:20 PM  |  

Last Updated: 06th December 2017 08:23 PM  |   A+A-   |  

 

ഭുവനേശ്വര്‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടക്കുന്ന ദാനാ മാജിയുടെ ചിത്രം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. എന്നാല്‍ ഇന്ന് വാര്‍ത്തകളില്‍ ദാനാ മാജി ഇടം പിടിച്ചത് 65,000 രൂപയുടെ ബൈക്കില്‍ ഇരിക്കുന്ന ചിത്രമാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഭാര്യയുടെ മൃതശരീരവും തോളിലേറ്റി നടക്കുന്ന മാജിയുടെ ചിത്രം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അദ്ദേഹത്തിന് സഹായം നല്‍കിയിരുന്നു. 9 ലക്ഷം രൂപയായിരുന്നു സഹായമായി നല്‍കിയത്.  

വളരെയധികം സന്തോഷമുണ്ട്. എന്റെ മൂന്നു മക്കളുടെയും പഠനത്തിനായി ഉപയോഗിക്കാന്‍ ഈ പണം ഞാന്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും അവര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നുമായിരുന്നു മാജി അന്നു പറഞ്ഞത്. 

പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി മാജിക്ക് പുതിയ വീടും സര്‍്ക്കാര്‍ നല്‍കിയിരുന്നു. വീടിന്റെ പണി പുരോഗമിക്കുകയാണ്. മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സൗജന്യമായി വഹിക്കാന്‍ ഭുവനേശ്വറിലെ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ രംഗത്തെത്തിയിരുന്നു. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം ചെയ്ത മാജിയുടെ ഭാര്യ ഗര്‍ഭിണിയാണ്.

ഭാര്യ മരിച്ചപ്പള്‍ ഞാനും മകള്‍ ചാന്ദിനിയും സഹായത്തിനുവേണ്ടി നിലവിളിച്ചു. അവളെയും (ഭാര്യയെ) കൊണ്ടുപോകാന്‍ ആരോ പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഒരു ലുങ്കിയില്‍ മൃതദേഹം പൊതിഞ്ഞ് എടുത്തു നടക്കുകയായിരുന്നു എന്നായിരുന്നു സംഭവത്തെ കുറിച്ച് മാജി പറഞ്ഞത്.  ബഹ്‌റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അഖ്ബാര്‍ അല്‍ ഖലീജ് എന്ന പത്രത്തില്‍ വാര്‍ത്ത കണ്ടാണ് പ്രധാനമന്ത്രി ദാനാ മാജിക്ക് സഹായവുമായി എത്തിയത്.

 

ആഗസ്റ്റ് 24നാണ് മാജിയുടെ ഭാര്യ അമംങ്‌ദേയ് ടി.ബി രോഗത്തെ തുടര്‍ന്ന് മരിക്കുന്നത്. സംഭവം ദേശീയ തലത്തില്‍ തന്നെ വാര്‍ത്തയായതോടെ മാജിക്ക് സഹായഹസ്തവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.