സിപിഎം കുടിയിറക്കിയ കുടുംബത്തെ സിപിഐ സംരക്ഷിക്കും; സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ സമരം

ഡിസംബര്‍ പത്തിനകം ഈ കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടവര്‍ക്കെതിരെ  നടപടി എടുത്തില്ലെങ്കില്‍ സമരവുമായി സിപിഐ മുന്നോട്ടു പോകും
സിപിഎം കുടിയിറക്കിയ കുടുംബത്തെ സിപിഐ സംരക്ഷിക്കും; സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തില്ലെങ്കില്‍ സമരം

കുമളി: സിപിഎം കുടിയിറക്കിയ രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് അഭയം നല്‍കുമെന്ന് വ്യക്തമാക്കി സിപിഐ. ഈ കുടുംബത്തെ വാടക വീട്ടില്‍ താമസിപ്പിക്കാനാണ് സിപിഐയുടെ ഇപ്പോഴത്തെ നീക്കം. 

സിപിഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയ ഇവരുടെ വീട് വീണ്ടെടുക്കുന്നത് വരെ മറ്റൊരു വാടക വീട്ടില്‍ ഇവരെ താമസിപ്പിക്കാനാണ് സിപിഐ തീരുമാനം. ഡിസംബര്‍ പത്തിനകം ഈ കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടവര്‍ക്കെതിരെ  നടപടി എടുത്തില്ലെങ്കില്‍ സമരവുമായി സിപിഐ മുന്നോട്ടു പോകും. 

മുരുക്കുടി ലക്ഷ്മി വിലാസത്തില്‍ മാരിയപ്പന്‍ ശശികല ദമ്പതികളേയും രണ്ടും മൂന്നും വയസ് പ്രായമുള്ള ഇവരുടെ പെണ്‍മക്കളേയുമാണ് വീട്ടില്‍ നിന്നും ഇറക്കി വിട്ടത്. ഇതില്‍ സിപിഎം മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനൂപ്, അനിയന്‍, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ബന്ധുക്കളായ മാരിയപ്പനും, മുഹമ്മദ് സല്‍മാനും തമ്മിലുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് ആധാരം. മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. വിവാഹത്തിന് ശേഷം ഈ വീട് നല്‍കാമെന്ന് മുത്തച്ഛന്‍ വാക്ക് നല്‍കിയിരുന്നതായി മാരിയപ്പന്‍ പറയുന്നു. ശശികലയെ വിവാഹം കഴിച്ചതിന് ശേഷം മാരിയപ്പനും സല്‍മാനും വീടിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമായി.

തര്‍ക്കത്തിന് ഇടയില്‍ ഭൂമിയുടെ അവകാശം സല്‍മാന്‍ തന്റെ പേരിലാക്കി. പ്രശ്‌നം പരിഹരിക്കാനായിട്ടാണ് സല്‍മാന്‍ സിപിഎമ്മിനെ സമീപിക്കുന്നത്. മാരിയപ്പനാവട്ടെ സിപിഐക്കാരോടും സഹായം തേടി. മാരിയപ്പന് ഒപ്പം നിന്ന സിപിഐക്കാര്‍ കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ കൊടി നാട്ടി. നേതാക്കള്‍ ഇടപെട്ട് കൊടി മാറ്റിച്ചെങ്കിലും പ്രശ്‌ന പരിഹാരം ആയില്ല.

പീരുമേട് കോടതിയെ സമീപിച്ച ശശികല വീട്ടില്‍ നിന്നും തങ്ങളെ ഇറക്കിവിടാന്‍ പാടില്ലെന്ന ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ ഉത്തരവുമായി എത്തിയപ്പോള്‍ വീട് പാര്‍ട്ടി ഓഫീസായെന്നും, തങ്ങളെ മര്‍ദ്ദിച്ചതായും അവര്‍ പറയുന്നു.

എന്നാല്‍ വീട് പാര്‍ട്ടി ഓഫീസിന് വേണ്ടി വാടകയ്ക്ക് നല്‍കിയതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. രേഖകള്‍ സല്‍മാന്റെ പേരിലായതിനാല്‍ വീട് ഒഴിയണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സിപിഎം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com