ഓഖി ദുരന്തം: അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍; മന്ത്രിമാര്‍ സഭാ നേതൃത്വത്തെ കണ്ടു

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലത്തീന്‍ സഭാ നേതൃത്വവുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി
ഓഖി ദുരന്തം: അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍; മന്ത്രിമാര്‍ സഭാ നേതൃത്വത്തെ കണ്ടു

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉന്നയിച്ച ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ലത്തീന്‍ സഭാ നേതൃത്വവുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ ചന്ദ്രശേഖരനും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച.

സര്‍വകക്ഷി യോഗത്തിന്റെ ഭാഗമായാണ് ലത്തീന്‍ സഭ നേതൃത്വത്തെ കണ്ടതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. അതേസമയം പതിവുസന്ദര്‍ശനം മാത്രമാണെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പുനരധിവാസപാക്കേജിലെ ആശങ്കകള്‍ അറിയിക്കാന്‍ അവസരം നല്‍കണമെന്നും കാണാതയവരുടെ കാര്യത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മന്ത്രിമാരോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാര പാക്കേജില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്നന്നു ചെയ്യുന്ന കാര്യങ്ങള്‍ സഭാ നേതൃത്വത്തെ അറിയിക്കാറുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു

ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകാര്യമല്ലെന്നാണ് സഭയുടെ നിലപാട്. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ചല്ല പാക്കേജ് തയാറാക്കിയതെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com