ചലചിത്രമേള: പൊലീസ് സാന്നിധ്യം പാടില്ല; ദേശീയ ഗാന സമയത്ത് ആരെയും എഴുന്നേല്‍പ്പിക്കരുത്: കമല്‍

അന്താരാഷ്ട്ര ചലചിത്ര മേളയുടെ പ്രദര്‍ശനം നടക്കുന്ന തിയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ പിടികൂടാന്‍ പൊലീസ് ഉള്ളില്‍ കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍
ചലചിത്രമേള: പൊലീസ് സാന്നിധ്യം പാടില്ല; ദേശീയ ഗാന സമയത്ത് ആരെയും എഴുന്നേല്‍പ്പിക്കരുത്: കമല്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്ര മേളയുടെ പ്രദര്‍ശനം നടക്കുന്ന തിയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാത്തവരെ പിടികൂടാന്‍ പൊലീസ് ഉള്ളില്‍ കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. തിയേറ്ററുകളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ല. ഇതിനായി പൊലീസ് തിയേറ്ററില്‍ കയറേണ്ട ആവശ്യമില്ല. സ്വന്തം ഉത്തരവാദിത്തത്തിലാണ് ഈ സമയത്ത് എഴുന്നേല്‍ക്കെണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷത്തെ മേളയ്ക്കിടെ ദേശീയഗാന സമയത്ത് ചിലര്‍ എഴുന്നേല്‍ക്കാതിരുന്നത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.  ഇതേത്തുടര്‍ന്ന് പൊലീസ് തീയേറ്ററിനുള്ളില്‍ കടക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.   ഇതിനെതിരെ വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കേണ്ടത് ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ മൗലിക ഉത്തരവാദിത്തമാണെന്നായിരുന്നു മന്ത്രി എകെ ബാലന്റെ പ്രതികരണം. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ ബലപ്രയോഗം നടത്തി എഴുന്നേല്‍പ്പിക്കില്ല. എന്നാല്‍ അവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും എകെ ബാലന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com