ചെല്ലാനത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു; ഉമ്മന്‍ ചാണ്ടിക്കു സമരപ്പന്തലിലേക്കു പ്രവേശനം

കടല്‍ഭിത്തി എന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചിട്ടും നേതാക്കള്‍ വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ച് നേതാക്കളെ തടയുകയായിരുന്നു
ചെല്ലാനത്ത് കോണ്‍ഗ്രസ് നേതാക്കളെ തടഞ്ഞു; ഉമ്മന്‍ ചാണ്ടിക്കു സമരപ്പന്തലിലേക്കു പ്രവേശനം

കൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പ്രദേശവാസികള്‍ തടഞ്ഞു. കൂടെയുള്ള നേതാക്കളെ തടഞ്ഞപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഹൈബി ഈഡന്‍ എംഎല്‍എയെയും സമരപ്പന്തലിലേയ്ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. 

ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍ എംഎല്‍എ, ബെന്നി ബഹന്നാന്‍, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരായിരുന്നു സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയത്. കടല്‍ഭിത്തി എന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചിട്ടും നേതാക്കള്‍ വഞ്ചിക്കുകയായിരുന്നു എന്നാരോപിച്ച് നേതാക്കളെ തടയുകയായിരുന്നു. സമരവേദിയില്‍ ഒരു നേതാവിനെയും സംസാരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. 

ചെല്ലാനത്തെ പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും കടല്‍ഭിത്തി നിര്‍മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 110 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും തുക അനുവദിക്കുകയും മൂന്നു തവണ ടെണ്ടര്‍ വിളിക്കുകയും ചെയ്തതാണ്. എന്നാല്‍ ടെണ്ടര്‍ സ്വീകരിക്കാന്‍ ആരും മുന്നോട്ടുവരാത്തതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനായില്ല. ഇക്കാര്യത്തില്‍ തുടര്‍ കാര്യങ്ങള്‍ ചെയ്യുന്നതിന് ഈ പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കഴിഞ്ഞ ദിവസം പിസി ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ സമരസ്ഥലത്ത് എത്തിയിരുന്നെങ്കിലും സംസാരിക്കാന്‍ സമരക്കാര്‍ അനുവദിച്ചിരുന്നില്ല. സമരത്തിന് വിവിധ ഇടവകകളില്‍നിന്നുള്ള വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചാം ദിവസമായ ഇന്നും നിരാഹാര സമയം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com