'മകളെ സ്‌റ്റേജില്‍ നിന്ന് എറിഞ്ഞ് കൊല്ലും'; ഒന്നാം സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധവുമായി മത്സരാര്‍ത്ഥിയുടെ പിതാവ്

എറണാകുളം ജില്ല കലോത്സവത്തിലെ കുച്ചിപ്പുടി മത്സരത്തിന്റെ വിധി പ്രഖ്യാപനത്തെത്തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ക്ക് കളമൊരുങ്ങിയത്
മംഗളം പ്രസിദ്ധീകരിച്ച ചിത്രം
മംഗളം പ്രസിദ്ധീകരിച്ച ചിത്രം

മൂവാറ്റുപുഴ: ഒന്നാം സ്ഥാനം ലഭിക്കാത്തതിന് മകളെ വേദിയില്‍ നിന്ന് എറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിയുമായി മത്സരാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തി. എറണാകുളം ജില്ല കലോത്സവത്തിലെ കുച്ചിപ്പുടി മത്സരത്തിന്റെ വിധി പ്രഖ്യാപനത്തെത്തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ക്ക് കളമൊരുങ്ങിയത്. വിധികര്‍ത്താക്കളില്‍ ഒരാള്‍ കാശ് വാങ്ങി ഫലം നിശ്ചയിച്ചെന്ന് ആരോപിച്ചാണ് മകളെയും കൊണ്ട് പിതാവ് വേദിയില്‍ കയറിയത്. വെള്ളൂര്‍ക്കുന്നം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യുപി വിഭാഗം കുച്ചിപ്പുടി മത്സരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 

ഫോര്‍ട്ട്‌കൊച്ചി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഹലയുടെ പിതാവ് മട്ടാഞ്ചേരി പുളിക്കല്‍ ഷമീഖാണ് കോഴ ആരോപണവുമായി രംഗത്തെത്തിയത്. വിധികര്‍ത്താക്കളില്‍ ഒരാള്‍ പണം വാങ്ങിയാണ് ഒന്നാം സ്ഥാനം നേടിയ കുട്ടിക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നായിരുന്നു ഷമീറിന്റെ ആരോപണം. വിധി പുനഃപരിശോധിക്കണമെന്നും അതുവരെ മറ്റു പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഷമീറിന്റെ നിലപാട്. 

വാദപ്രതിവാദങ്ങള്‍ക്കിടെ ഇയാള്‍ മകളുമായി സ്റ്റേജിലേക്ക് കയറി. തുടര്‍ന്ന് പ്രതിഷേധ സൂചകമായി സ്റ്റേജില്‍ കുത്തിയിരിക്കുകയും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പ്രകോപിതനായി മകളെ സ്‌റ്റേജില്‍ നിന്ന് വലിച്ചെറിയാനും ഷമീര്‍ ഒരുങ്ങി. അവിടെ കൂടിനിന്നവര്‍ ഇയാളെ പിന്‍തിരിപ്പിക്കുകയായിരുന്നു. ജീവനോടെ ഇവിടെനിന്ന് പോകില്ല എന്ന പിതാവിന്റെ വാക്കുകള്‍ സംഘാടകരെ പ്രതിസന്ധിയിലാക്കി. യുപി വിഭാഗം മത്സരങ്ങള്‍ ജില്ലതലത്തില്‍ അവസാനിക്കാത്തതിനാല്‍ വിധി നിര്‍ണയം പുനഃപരിശോധിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. 

വളരെ കഷ്ടപ്പെട്ടാണ് മകളെ ജില്ലാ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചതെന്നും പണക്കാരായ മത്സരാര്‍ത്ഥികള്‍ പണം നല്‍കി വിജയിക്കുന്നത് സഹിക്കാനാവില്ലെന്നും ചുമട്ടുതൊഴിലാളിയായ ഷമീര്‍ പറഞ്ഞു. എന്നാല്‍ സഹല മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഒന്നാം സ്ഥാനം നേടിയ കുട്ടിയും തമ്മില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നും സംഘാടകര്‍ വ്യക്തമാക്കി. ആരോപണം നേരിട്ട വിധികര്‍ത്താവിനെ മാറ്റിയതിന് ശേഷമാണ് മത്സരം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com