മലപ്പുറത്തെ ഫഌഷ് മോബിനെ എതിര്‍ത്തവര്‍ മതമൗലികതയുടെ മനോരോഗം ബാധിച്ചവരെന്ന് എംബി രാജേഷ്

മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങളെ ഒരു പോലെ തള്ളിപറഞ്ഞവരാണ് ഗോള്‍വള്‍ക്കര്‍മൗദുദീയെന്നോര്‍ക്കണം. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണ് എന്നതിലും ഇരുകൂട്ടര്‍ക്കും തര്‍ക്കങ്ങള്‍ ഒന്നുമില്ല
മലപ്പുറത്തെ ഫഌഷ് മോബിനെ എതിര്‍ത്തവര്‍ മതമൗലികതയുടെ മനോരോഗം ബാധിച്ചവരെന്ന് എംബി രാജേഷ്

പാലക്കാട്: എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച മലപ്പുറത്തെ ഫഌഷ് മോബിനെതിരെ രംഗത്തെത്തുന്നത് മതമൗലികതയുടെ മനോരോഗം ബാധിച്ചവരാണെന്ന് എംബി രാജേഷ് എംപി. ഒരു സാമൂഹ്യ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു കുട്ടികള്‍ ആടിയതും പാടിയതും. ആ കുട്ടികളെയാണ് അവര്‍ ക്രൂരമായി കല്ലെറിയുന്നതെന്നും രാജേഷ് പറയുന്നു.

ഇന്ത്യയില്‍ ഇസ്ലാമിക വര്‍ഗ്ഗീയതയ്ക്ക് ഒരിക്കലും അധികാരമേറാനും അതുവഴി ഫാസിസമാക്കാനും കഴിയില്ലെങ്കിലും അധികാരമുള്ള രാജ്യങ്ങളില്ലെല്ലാം അവര്‍ ചെയ്യുന്നതും ഇവരില്‍ നിന്ന് ഭിന്നമല്ല. മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങളെ ഒരു പോലെ തള്ളിപറഞ്ഞവരാണ് ഗോള്‍വള്‍ക്കര്‍മൗദുദീയെന്നോര്‍ക്കണം. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണ് എന്നതിലും ഇരുകൂട്ടര്‍ക്കും തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും രാജേഷ് പറയുന്നു. 

സമുദായത്തിനകത്ത് നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഈ ജനവികാരം തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാകണം എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയ, യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവര്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍. രണ്ടും സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണെന്നും എംബി രാജേഷ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു

എംബി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്തെ ഫഌഷ് മോബ് ചെയ്ത പെണ്‍കുട്ടികളുടെയും അവരെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയ സൂരജിന്റെയും നേര്‍ക്ക് ഇസ്ലാമിക മതമൗലികവര്‍ഗ്ഗീയ ശക്തികള്‍ തെറി വിളിയും ഭീഷണികളുമായി ഉറഞ്ഞു തുള്ളുകയാണല്ലോ. ഇതേ മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ തന്നെ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശത്തിന്റെയും വക്താക്കള്‍ ചമഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. പ്രതികള്‍ സംഘപരിവാറാകുമ്പോള്‍ ഇവര്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കള്‍. സംഘപരിവാറിന്റെ നിലയും സമാനമാണ്. പ്രതിക്കൂട്ടില്‍ ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളാണെങ്കില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറിച്ചും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ഉളുപ്പില്ലാതെ അവര്‍ വാചാലരാകും. മത നിരപേക്ഷവാദികളോട് ''ഇപ്പോഴെങ്ങനെയുണ്ട്'' എന്ന മട്ടില്‍ ആഹ്ലാദ
ഭരിതരായി അവരെ ഭര്‍ത്സിക്കും. അപ്പോഴും വ്യക്തി സ്വാതന്ത്ര്യനിഷേധത്തെക്കാള്‍ അവരുടെ ഉന്നം മതനിരപേക്ഷവാദികളെയാണ്. തങ്ങള്‍ക്ക് യോജിപ്പില്ലാത്ത എല്ലാറ്റിനോടും ഇരു കൂട്ടരും ഒരേ സമീപനം പുലര്‍ത്തുന്നവരാണ്. എതിര്‍പ്പിന്റെ രീതിയിലും ഉപയോഗിക്കുന്ന തെറി വാക്കുകളിലും തികഞ്ഞ സാദൃശ്യം. മതമൗലികവാദവര്‍ഗ്ഗീയ ശക്തികള്‍ ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും ഏകോദരസഹോദരങ്ങളും ഒരേ തൂവല്‍ പക്ഷികളുമാണ്.
സ്ത്രീസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാരത്തിനുള്ള അവകാശം, എന്നിവയോടെല്ലാമുള്ള ശത്രുതയിലും ഇവര്‍ക്ക് ഇരുകൂട്ടര്‍ക്കും ഒരൊറ്റ നിലപാടെയുള്ളൂ. സദാചാര സംരക്ഷണ സഹകരണ സംഘമായി ഭിന്നതകള്‍ മറന്ന് വടി എടുത്ത് കവാത്ത് നടത്തിയതും നാം കണ്ടിട്ടുണ്ടല്ലോ. മലപ്പുറത്തെ ഫഌഷ് മോബ് എയിഡ്‌സ് ബോധവത്കരണത്തിനായി സംഘടിപ്പിച്ചതായിരുന്നു. ഒരു സാമൂഹ്യ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു കുട്ടികള്‍ ആടിയതും പാടിയതും. ആ കുട്ടികളെയാണ് മതമൗലികതയുടെ മനോരോഗം ബാധിച്ചവര്‍ ക്രൂരമായി കല്ലെറിയുന്നത്. അതിനെതിരായും കുട്ടികളെ പിന്തുണച്ചും രംഗത്തുവന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സൂരജിനെതിരായിട്ടുള്ള ഭീഷണികള്‍ നിന്ദ്യവും അപലപനീയവുമാണ്. പെരുമാള്‍ മുരുഗന്‍ മുതല്‍ കമല്‍ഹാസന്‍ വരെ ഉള്ളവരോട് ചെയ്തതില്‍ നിന്ന് ഇതിനെന്ത് വ്യത്യാസം? കല്‍ബുര്‍ഗ്ഗി മുതല്‍ ഗൗരി ലങ്കേഷ് വരെ ഉള്ളവരെ, ഭിന്ന നിലപാട് പുലര്‍ത്തിയതിന്റെ പേരില്‍ കൊന്നുതള്ളിയവരില്‍ നിന്ന് ഇക്കൂട്ടര്‍ എവിടെയാണ് വേറിട്ട് നില്‍ക്കുന്നത്? ഒരു കൂട്ടര്‍ ഭരണകൂട അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ കുഴിച്ച് മൂടുന്നു. അധികാരമില്ലാത്ത മറ്റേ കൂട്ടര്‍ വര്‍ഗ്ഗീയ ഹുങ്കുപയോഗിച്ച് അത് തന്നെ ചെയ്യുന്നു. അവര്‍ ചെയ്യുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ എന്ന് അധികാരമേറിയ വര്‍ഗ്ഗീയവാദികള്‍ക്ക് ന്യായം ചമക്കാന്‍ അവസരമൊരുക്കികൊടുക്കുന്നു. (അധികാരത്തിന്റെ ബലത്തില്‍ ചെയ്യുന്നതും അല്ലാതെ ചെയ്യുന്നതും തമ്മില്‍ മൗലികമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഫലത്തില്‍ ഫാസിസ്റ്റ് പ്രവണതകള്‍ക്ക് ഇന്ധനമാകുന്നു). മലപ്പുറത്ത് ഫഌഷ് മോബ് വിവാദം മുതല്‍ സൂരജിനെതിരായിട്ടുള്ള കടന്നാക്രമണം വരെയുള്ള ഇസ്ലാമിക്ക് വര്‍ഗ്ഗീയ വാദികളുടെ ഒടുവിലത്തെ അഴിഞ്ഞാട്ടം സന്തോഷിപ്പിക്കുന്നത് സംഘപരിവാറിനെ മാത്രമാണ്. താരതമ്യം നടത്തി സ്വയം സ്യായീകരിക്കാന്‍ അവര്‍ക്കത് അവസരം നല്‍കുന്നു. എന്നാല്‍ ആത്യന്തികമായി ഇരുകൂട്ടരും മതനിരപേക്ഷ മൂല്യങ്ങള്‍ക്കും വിയോജിക്കാനുള്ള അവകാശത്തിനും തെല്ലും വിലകല്‍പ്പിക്കുന്നവരല്ല എന്നതാണ് വസ്തുത. ഇന്ത്യയില്‍ ഇസ്ലാമിക വര്‍ഗ്ഗീയതയ്ക്ക് ഒരിക്കലും അധികാരമേറാനും അതുവഴി ഫാസിസമാക്കാനും കഴിയില്ലെങ്കിലും അധികാരമുള്ള രാജ്യങ്ങളില്ലെല്ലാം അവര്‍ ചെയ്യുന്നതും ഇവരില്‍ നിന്ന് ഭിന്നമല്ല. മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങളെ ഒരു പോലെ തള്ളിപറഞ്ഞവരാണ് ഗോള്‍വള്‍ക്കര്‍മൗദുദീയെന്നോര്‍ക്കണം. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണ് എന്നതിലും ഇരുകൂട്ടര്‍ക്കും തര്‍ക്കങ്ങള്‍ ഒന്നുമില്ല. മലപ്പുറം ഫഌഷ് മോബിനെ കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയ ശരിയായി ചോദിച്ചത് പോലെ സിനിമയില്‍ ഫഹദ് ഫാസിലും, പുറത്ത് മുസ്ലിം പുരുഷന്മാരും ആടുകയും പാടുകയും ചെയ്യുമ്പോഴൊന്നും ഇല്ലാത്ത അസഹിഷ്ണുത എന്തെ മലപ്പുറത്തെ കുട്ടികളുടെ മാത്രം കാര്യത്തില്‍? അത് പെണ്‍കുട്ടികളാണെന്നതുതന്നെ കാരണം.
ഫഌഷ് മോബ് വിവാദത്തിലും സൂരജിനെതിരായ ആക്രമണത്തിലും, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മുഹമ്മദ് റിയാസിനെ പോലുള്ള ഡി,വൈ.എഫ്.ഐ. നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ സ്വാഭാവികവും പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ സമുദായത്തിനകത്ത് നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഈ ജനവികാരം തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാകണം എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയ, യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവര്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍. രണ്ടും സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com