സിപിഎം ഏരിയ സമ്മേളനത്തിനിടെ ഏഷ്യാനെറ്റിന്റെ കെട്ടുകഥ; പൊളിച്ചു സോഷ്യല്‍മീഡിയ 

രോഗിയുമായി പോവുന്ന കാര്‍ തടഞ്ഞെന്നായിരുന്നു ഏഷ്യാനെറ്റ് ആദ്യം വാര്‍ത്ത നല്‍കിയിരുന്നത്. സംഭവം വിവാദമായതോടെ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി എന്ന നിലയില്‍ വാര്‍ത്ത തിരുത്തി
സിപിഎം ഏരിയ സമ്മേളനത്തിനിടെ ഏഷ്യാനെറ്റിന്റെ കെട്ടുകഥ; പൊളിച്ചു സോഷ്യല്‍മീഡിയ 


കാസര്‍കോഡ്: കാസര്‍കോട് ഉദുമ സിപിഎം ഏരിയ സമ്മേളന സമാപനത്തിന്റെ ഭാഗമായി നടന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറിനെ ക്യാപ്റ്റന്‍ കാലുകൊണ്ട് തൊഴിച്ചെന്ന വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ പൊളളത്തരം പുറത്തുകൊണ്ടുവന്ന് സോഷ്യല്‍മീഡിയ. സംഭവത്തില്‍ സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തിരുത്തി .രോഗിയുമായി പോവുന്ന കാര്‍ തടഞ്ഞെന്നായിരുന്നു ഏഷ്യാനെറ്റ് ആദ്യം വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ പാര്‍ട്ടി ജാഥാ ക്യാപ്റ്റനെ പദവിയില്‍ നിന്നും ഒഴിവാക്കി എന്ന നിലയില്‍ ഏഷ്യാനെറ്റ് വാര്‍ത്ത തിരുത്തി. 

ഈ വാര്‍ത്തയ്‌ക്കൊപ്പം വീഡിയോയും ഉണ്ടായിരുന്നു. എന്നാല്‍ കാറിന്റെ കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. കാറില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഏഷ്യാനെറ്റ് വാര്‍ത്ത വിശ്വസിച്ച് സിപിഎമ്മിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഉദുമയില്‍നിന്നും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മേല്‍പറമ്പിലേക്ക് നടന്ന പ്രകടനത്തിന്റെ മുന്നില്‍ അണിനിരന്ന റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് കളനാട് എത്തിയപ്പോഴാണ് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കാറിനെ ക്യാപ്റ്റന്‍ ചവിട്ടിയത്. കാര്‍ ജാഥയോട് ചേര്‍ന്നു പോവുകയായിരുന്നു. ഇതാണ് ക്യാപ്റ്റനെ പെട്ടെന്ന് പ്രകോപിതനാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ചചെയ്യപ്പെട്ട വാര്‍ത്തയായിരുന്നിട്ടും യാതൊരു വിശദീകരണവും നല്‍കാതെയാണ് ഏഷ്യാനെറ്റ് ന്യൂസ് തിരുത്തല്‍ വരുത്തിയിരിക്കുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പിഎം മനോജ് ഉള്‍പ്പെടെയുള്ള ആളുകള്‍ ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com