സോഷ്യല്‍മീഡിയക്ക് പിന്നാലെ മൊബൈല്‍ ഫോണിനും വിലക്ക്; കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക് 

ക്യംപസില്‍ മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി കൊച്ചി സര്‍വകലാശാലയുടെ വിവാദ ഉത്തരവ്.
സോഷ്യല്‍മീഡിയക്ക് പിന്നാലെ മൊബൈല്‍ ഫോണിനും വിലക്ക്; കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക് 

കൊച്ചി:  ക്യാംപസില്‍ മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി കൊച്ചി സര്‍വകലാശാലയുടെ വിവാദ ഉത്തരവ്. നവംബര്‍ 30ന് അക്കാദമിക കാര്യങ്ങളുടെ ചുമതലയുളള ജോയിന്റ് രജിസ്ട്രാര്‍ ആണ് ഉത്തരവിറക്കിയത്. ഓഡിയോ - വീഡിയോ ഉപകരണങ്ങള്‍ക്ക് ക്യാംപസില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു എന്നാണ് ഉത്തരവിലെ ഉളളടക്കം. മറൈന്‍ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അപേക്ഷപ്രകാരമാണ് ജോയിന്റ് രജിസട്രാര്‍ നടപടി സ്വീകരിച്ചത്. അനുമതിയില്ലാതെ ഓഡിയോ വീഡിയോ റെക്കോഡിങ് ഉപകരണങ്ങള്‍ ക്യാംപസില്‍ അനുവദിക്കരുത് എന്നാണ് മറൈന്‍ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വകലാശാലയോട് അഭ്യര്‍ത്ഥിച്ചത്.

തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണ് വിവാദ ഉത്തരവ് എന്ന്  എസ്എഫ്‌ഐ അടക്കമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു. സര്‍വകലാശാലയുടെ വിവാദ ഉത്തരവിന് എതിരെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.വൈകാതെ തന്നെ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ടി പി ജിതിന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിച്ചതിലുളള പ്രതികാരനടപടിയായാണ് ഈ നിയന്ത്രണമെന്നും ജിതിന്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി നേരത്തെ തന്നെ സര്‍വകലാശാല വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുളള അധികൃതരുടെ നടപടികള്‍ പുറംലോകം അറിയാതിരിക്കാനാണ് സര്‍വകലാശാല ഇത്തരമൊരു കടുത്ത തീരുമാനം സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ഒരു മാസം മുന്‍പ് നടന്ന സംഭവമാണ് ഇത്തരം ഒരു നടപടിയ്ക്ക് ആധാരം. മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മറൈന്‍ ജിയോളജിയുടെ തലവന്‍ അടക്കം മൂന്നു അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായി. വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദഫലമായി മൂന്നുപേരെയും സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ അധ്യാപകരുടെ വീഡിയോ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച വിദ്യാര്‍ത്ഥിനി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണിന് പോലും വിലക്കേര്‍പ്പെടുത്തുന്ന നിലയില്‍ സര്‍വകലാശാല ക്യാംപസില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com