പി വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th December 2017 01:32 PM |
Last Updated: 10th December 2017 01:32 PM | A+A A- |

തിരുവനന്തപുരം: പി.വി. അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍. തൊഴില്‍ നിയമലംഘനങ്ങളെക്കുറിച്ചാണ് അന്വേഷണം. പരാതി ലഭിച്ചിട്ടില്ലെന്നും വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നാണ് ആരോപണം.
അതേസമയം, അന്‍വറിന്റെ അനധികൃത തടയണ നിര്‍മാണത്തില്‍ പിന്നീട് നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷമായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ ആര്‍ഡിഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തു. തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും.