ഓഖി ദുരന്തം:സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു; വലിയ ഇടയന്റെ മനസോടെയാണ് പ്രവര്‍ത്തിച്ചത്: പിണറായി

ഓഖി ദുരന്തം:സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു; വലിയ ഇടയന്റെ മനസോടെയാണ് പ്രവര്‍ത്തിച്ചത്: പിണറായി

വൈകാരികത മാറ്റിവെച്ച് പ്രശ്‌നം പരിഹരിക്കാനുള്ള സമയമാണിത്.ദുരന്തങ്ങളെ ചിലര്‍ മനുഷ്യത്വരഹിതമായി വഴി തിരിച്ചുവിടുന്നെന്നും വലിയ ഇടയന്റെ മനസോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി

കൊച്ചി: ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കി പ്രശ്‌നപരിഹാരം അസാധ്യമാക്കുന്ന സമീപനമുണ്ടായിക്കൂടാ. ആരുടെയെങ്കിലും മേല്‍ വിജയം നേടാനുള്ള സന്ദര്‍ഭമല്ല ഇത്. ദുരന്തവേളകള്‍ പോലും മനുഷ്യത്വരഹിതമായി ഉപയോഗിക്കുന്നവരുണ്ട്. വൈകാരികത വഴിതിരിച്ചുവിടാനാണ് ഇവരുടെ ശ്രമം. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ട ഘട്ടമാണിതെന്നും പിണറായി പറഞ്ഞു.

ഈ ഘട്ടത്തില്‍ ചെയ്തില്ലെങ്കില്‍ മറ്റൊരു ഘട്ടം ഉണ്ടാകില്ല. പ്രശ്‌നപരിഹാരത്തിലേക്ക് ആളുകളെ കൊണ്ടുവരാനുള്ള ചുമതല സഭയുടെയും സമുദായത്തിന്റെയും നേതൃത്വം ഏറ്റെടുക്കണം. കണ്ണീര്‍ സ്വാഭാവികമാണ്. എന്നാല്‍ കണ്ണീര്‍കൊണ്ട് മുന്നിലുള്ള വഴി കാണാത്ത അവസ്ഥയുണ്ടാകരുത്. അതുറപ്പാക്കുന്നിടത്താണ് യഥാര്‍ഥ നേതൃഗുണം പ്രകടമാകേണ്ടതെന്നും പിണറായി പറഞ്ഞു. 

പങ്കുവയ്ക്കലിന്റേതായ ജീവിതമായിരുന്നു യേശുവിന്റേത്. അഞ്ചപ്പം അയ്യായിരം പേര്‍ക്കാണു പങ്കുവച്ചത്. അതേ പങ്കുവയ്ക്കലാണു തീരദേശത്തു പുലര്‍ത്തേണ്ടത്. അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നാണു ക്രിസ്തു പറഞ്ഞത്. മറ്റുള്ളവര്‍ക്കു വേണ്ടി കരുതല്‍ ഉണ്ടാകേണ്ട സമയമാണിത്. യേശു എന്നും നിസ്വരുടെയും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. അതേ നിലപാടുള്ളവര്‍ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്ന തിരിച്ചറിവ് വലിയൊരു യോജിപ്പ് സാധ്യമാക്കും. കേരളത്തിലെ സര്‍ക്കാര്‍ നിന്ദിതര്‍ക്കും പീഡിതര്‍ക്കും ഒപ്പമാണെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com