ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

സുഭാഷിനെ തുമ്പികൊണ്ട് വരിഞ്ഞിടുകയും ഉരുണ്ട് രക്ഷപ്പെടുന്നതിനിടയില്‍ ആഞ്ഞ് കുത്തുകയുമായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ ഇന്ന് രാവിലെ മൂന്ന് ആനകള്‍ ഇടഞ്ഞ സംഭവത്തില്‍ പരുക്കേറ്റ ആന പാപ്പാന്‍ മരിച്ചു. പെരിങ്ങോട് കോതച്ചിറ സ്വദേശി സുഭാഷ് (36) ആണ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ച് മണിയോടെ മരിച്ചത്.

രാവിലെ ശീവേലിക്കിടെയാണ് മൂന്ന് ആനകള്‍ ക്ഷേത്രത്തില്‍ ഇടഞ്ഞത്. സംഭവത്തില്‍ സുഭാഷിനെ കൂടാതെ രണ്ട് ഭക്തര്‍ക്കും ആനയുടെ പുറത്ത് തിടമ്പേറ്റിയിരുന്ന ക്ഷേത്രം കീഴ്ശാന്തിക്കും പരുക്കേറ്റിരുന്നുവെങ്കിലും ഇവരുടെ പരുക്ക് ഗുരുതരമല്ല.

രാവിലെ ഏഴുമണിക്ക് ശീവേലിക്കിടെയാണ് ആനകള്‍ ഇടഞ്ഞത്. ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രതികൃഷ്ണന്‍, ഗോപീകൃഷ്ണന്‍ എന്നീ ആനകളും ഇടയുകയായിരുന്നു. ശീവേലിയുടെ രണ്ടാമത്തെ പ്രദക്ഷിണത്തിനിടെ അയ്യപ്പ ശ്രീകോവിലിനടുത്തുവച്ചാണ് ആന ഇടഞ്ഞത്.

ശീവേലി സമയത്ത് ക്ഷേത്രത്തില്‍ നല്ല തിരക്കായിരുന്നു. പ്രദക്ഷിണം അയ്യപ്പക്ഷേത്രത്തിനുപിന്നിലെ ഫ്‌ളൈ ഓവര്‍ കടന്നപ്പോള്‍ ശ്രീകൃഷ്ണന്‍ പ്രത്യേകശബ്ദുമുണ്ടാക്കി തിരിഞ്ഞു. ഒപ്പം നടന്നിരുന്ന സുഭാഷിനെ തുമ്പികൊണ്ട് വരിഞ്ഞിടുകയും ഉരുണ്ട് രക്ഷപ്പെടുന്നതിനിടയില്‍ ആഞ്ഞ് കുത്തുകയുമായിരുന്നു.

സുഭാഷിനെ സമീപത്തെ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ അടിയന്തര ശസ്ത്രിക്രിയ വേണ്ടിയിരുന്നതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ക്ഷേത്രത്തില്‍ മൂന്ന് കൊമ്പന്‍മാരും ഓടിയപ്പോള്‍ തിക്കുതിരക്കുകള്‍ക്കിടെ വീണാണ് ഭക്തര്‍ക്ക് പരിക്കേറ്റത്. ഗുരുവായൂര്‍ ക്യാപിറ്റല്‍ സഫറോണില്‍ താമസിക്കുന്ന ദേവകിയമ്മ(67), കണ്ണൂര്‍ കോട്ടപ്പുറം ഋഷികേശ്(11)എന്നിവരെ തൃശ്ശൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ ദേവസ്വം ആശുപത്രിയില്‍ നിന്ന് പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com