ടോം ജോസിനെതിരെയുള്ള സ്വത്ത് സമ്പാദനക്കേസ് വിജിലന്‍സ് അവസാനിപ്പിച്ചു

ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബപരമായ ആസ്തിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.
ടോം ജോസിനെതിരെയുള്ള സ്വത്ത് സമ്പാദനക്കേസ് വിജിലന്‍സ് അവസാനിപ്പിച്ചു

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അനധികൃത സ്വത്തു സമ്പാദന കേസ് വിജിലന്‍സ് അവസാനിപ്പിച്ചു. ടോം ജോസിന് അനധികൃത സ്വത്തില്ലെന്നും കുടുംബപരമായ ആസ്തിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍. കേസ് എഴുതി തള്ളാനായി മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികൂടിയായ ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെയാണ് അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുക്കുകയും ടോം ജോസിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തുകയും ചെയ്ത്. സര്‍ക്കാരിനെതിരെ ഐഎസ്എസ് ഉദ്യോഗസ്ഥരുടെ സംഘടിത പ്രതിഷേധത്തിന് ഇടയാക്കിയ കേസുകൂടിയായിരുന്നു ഇത്.

201014 വര്‍ഷത്തില്‍ ഒരു കോടി 19 ലക്ഷം രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചുവെന്നായിരുന്നു വിജിലന്‍സ് എഫ്‌ഐആര്‍. മഹാരാഷ്ട്രയില്‍ ഭൂമി വാങ്ങിയതിലും കൊച്ചിയിലെ ഫ്‌ലാറ്റ് വാങ്ങിയതിലും ക്രമക്കേടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തുടരന്വേഷണം നടത്തിയ എറണാകുളം വിജിലന്‍സ് സെല്‍ എസ്പി ടോം ജോസിന് അനധികൃത സ്വത്തില്ലെന്ന റിപ്പോര്‍ട്ടാണ് മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

ടോം ജോസിന് കുടുംബപരമായി ആസ്തിയുണ്ട്. ഭാര്യാ പിതാവ് സഹായിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഭൂമിവാങ്ങാന്‍ കുടുംബ സുഹൃത്ത് വിദേശത്തുനിന്നും പണം നല്‍കിയിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഡയറക്ടര്‍ ലോക നാഥ് ബെഹ്‌റ അംഗീകരിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കോടതി റിപ്പോര്‍ട്ട് ഇതുവരെ പരിഗണിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com