ഒരു ഭീകര സംഘടനയും മെമ്പര്‍ഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവര്‍ത്തിക്കുന്നത്; ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപാ നിശാന്ത്

ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടന തന്നെയാണത്
ഒരു ഭീകര സംഘടനയും മെമ്പര്‍ഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവര്‍ത്തിക്കുന്നത്; ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപാ നിശാന്ത്

ലോകത്ത് ഒരു ഭീകര സംഘടനയും മെമ്പര്‍ഷിപ്പ് രജിസ്റ്ററുമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായി ദീപാ നിശാന്ത്. അതുകൊണ്ടുതന്നെ അവരുടെ പ്രവൃത്തികളില്‍ സംഘടനയല്ല, വ്യക്തികളാണ് കുറ്റക്കാരായി വരാറെന്ന് ദീപ ചൂണ്ടിക്കാട്ടി. ഗാന്ധിവധത്തില്‍ സംഘപരിവാറിനു പങ്കുണ്ടോയെന്നു തെളിയിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെല്ലുവിളി ഉയര്‍ത്തിയതിനു പ്രതികരണമായാണ് ദീപയുടെ കുറിപ്പ്. രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് ഒരാളെ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ ദീപ സമൂഹമാധ്യമത്തില്‍ എഴുതിയ കുറപ്പിനുതാഴെയാണ് സംഘപ്രവര്‍ത്തകര്‍ വെല്ലുവിളിയുമായി എത്തിയത്.

ദീപാ നിശാന്തിന്റെ കുറിപ്പ്: 

ഗാന്ധിയെ ' നിങ്ങള്‍' കൊന്നിട്ടില്ല. പിന്നെന്തിനാണ് ഗാന്ധിവധം എന്ന് എവിടെ കേട്ടാലും 'എന്നെ വിളിച്ചോ?' എന്ന് ചോദിച്ച് നിങ്ങള്‍ വെടികൊണ്ട പന്നിയെപ്പോലെ പാഞ്ഞുവരുന്നത്?
ഗാന്ധിവധത്തില്‍ 'നിങ്ങളുടെ' സംഘടനക്ക് പങ്കുണ്ടെന്ന് തെളിയിക്കാമോയെന്ന വെല്ലുവിളി ഒന്നൊന്നര വെല്ലുവിളിയാണ്. ''നിങ്ങളുടെ ' സംഘടനയില്‍ ആരെങ്കിലും അംഗമാണെന്നുതന്നെ തെളിയിക്കല്‍ അസാദ്ധ്യമാണ്. ലോകത്ത് ഒരു ഭീകരവാദസംഘടനയും മെമ്പര്‍ഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവര്‍ത്തിക്കാറ്. നിങ്ങളുമല്ല.കൊല്ലാന്‍ വിടുന്നതിനുമുമ്പ് സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്നങ്ങോട്ട് പ്രസ്താവിച്ചാല്‍ മതി. അംഗത്വം തന്നെ ഇല്ലാത്തിടത്തുനിന്നും എങ്ങനെ പുറത്താക്കാനാണ് !!
കല്‍ബുര്‍ഗിയെ, പന്‍സാരെയെ, ധബോല്‍ക്കറെ, ഗൗരിയെ ഒന്നും കൊന്നത് 'സാങ്കേതികമായി' നിങ്ങളല്ല.കാരണം എതിരെ തെളിവുകള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രം ശക്തരായ ക്രിമിനല്‍ സംഘമാണ് നിങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടന തന്നെയാണത്. നജീബിനെ കാണാതായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. അതും നിങ്ങള്‍ക്കറിയില്ലായിരിക്കാം. പക്ഷേ കൊല്ലപ്പെട്ടവരും ഇല്ലാതാക്കപ്പെട്ടവരുമായ മനുഷ്യരൊക്കെയും നിങ്ങള്‍ക്കെതിരായിരുന്നു. പക്ഷേ ഇവരൊക്കെ മരണം അര്‍ഹിക്കുന്നവരായിരുന്നുവെന്ന് നിങ്ങള്‍, നിങ്ങളുടെ സംഘടനയുടെ 'ഞാനും അപ്ഫനും സുഭദ്രയും അടങ്ങുന്ന ട്രസ്റ്റിലെ' നാലഞ്ച് ഔദ്യോഗിക ഭാരവാഹികളൊഴിച്ചാല്‍, ബാക്കിയെല്ലാവരും പറഞ്ഞുകൊണ്ടിരുന്നു. കൊല്ലപ്പെട്ടവരെ നിങ്ങള്‍ അസഭ്യം കൊണ്ട് മൂടി, കൊന്നവരെ അഭിനന്ദനങ്ങള്‍ കൊണ്ടും.. കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയല്ല നിങ്ങളെന്നും വാദിച്ചത്.കൊലയാളികള്‍ക്കുവേണ്ടി മാത്രമായിരുന്നു.
എന്തിനാണ് നിങ്ങളവരെ കൊന്നത്?
അവരവരുടെ ഭക്ഷണം കൈവശം വച്ചതിനോ?
അതിനുള്ള വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോയതിനോ??
നിങ്ങള്‍ക്കെതിരെ എഴുതിയതിനോ?
പ്രസംഗിച്ചതിനോ?
നിങ്ങള്‍ ക്രൂരമായി കൊന്ന നൂറുകണക്കിന് മനുഷ്യരെയും സാങ്കേതികമായി നിങ്ങളല്ല കൊന്നത്. വീഡിയോ ക്യാമറയുടെ മുന്നില്‍ ഒരു മനുഷ്യനെ അതിക്രൂരമായി കൊന്ന് കത്തിച്ച ആ നീചജീവിയും നിങ്ങളുടെ അംഗത്വരജിസ്റ്ററില്ലാത്ത സംഘടനയിലെ അംഗമാവില്ല.പക്ഷേ അയാളെയും നിങ്ങള്‍ കിട്ടാവുന്ന എല്ലായിടത്തും പിന്തുണക്കും.രാജസ്ഥാന്‍ ഡി ജി പി യെടുത്ത മുന്‍കൂര്‍ ജാമ്യം മാത്രം മതി, അയാള്‍ക്കെന്ത് സംഭവിക്കുമെന്ന് അനുമാനിക്കാന്‍. നിയമത്തിന്റെ കണ്ണില്‍ നിലനില്പില്ലാത്ത സംഘടന സാങ്കേതികമായി കുറ്റവാളികളുടെ സ്ഥാനത്ത് വരില്ല.വ്യക്തികളേ വരൂ.
പക്ഷേ ഒന്നുണ്ട്.
നിങ്ങളില്ലായിരുന്നെങ്കില്‍, നിങ്ങളുടെ സംഘടന ഇല്ലായിരുന്നെങ്കില്‍, അതിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രമില്ലായിരുന്നെങ്കില്‍, ഈ മനുഷ്യരൊക്കെ അവരുടെ സ്വാഭാവികമായ അന്ത്യം വരെ ജീവിച്ചിരിക്കുമായിരുന്നു.ഹിന്ദുമഹാസഭ മുതല്‍ ശ്രീരാമസേന വരെ പരന്നുകിടക്കുന്ന സംഘങ്ങളെ ഒന്നിനേയും നിങ്ങള്‍ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കാരണം നിങ്ങള്‍ തന്നെയാണ് അവര്‍. അഥവാ അവരും നിങ്ങളും എന്നൊന്നില്ല, നിങ്ങളേയുള്ളൂ.
നിങ്ങള്‍ മാത്രം!
കുറേ വെല്ലുവിളികള്‍ കണ്ടു. കാലത്തും ഉച്ചയ്ക്കും വൈകുന്നാരോം ഓരോ വെല്ലുവിളി വായിച്ച് ഞാന്‍ പേടിച്ചോളാം.ഇന്‍ബോക്‌സ് ഭീഷണികള്‍ കണ്ട് ഇപ്പളേ കിടുകിടാ വിറച്ചിട്ടുമുണ്ട്!
'ഗാന്ധിയെ ഞങ്ങളാണ് കൊന്നത് എന്ന് തെളിയിക്കാമോ? ഞങ്ങളല്ല ഗാന്ധിയെ കൊന്നത്. ഗോഡ്‌സെ ഞങ്ങളുടെ സംഘടനയിലെ അംഗവുമായിരുന്നില്ല. പക്ഷേ ഗോഡ്‌സെയെ പറഞ്ഞാലുണ്ടല്ലോ%?#@& മോളേ, നിന്നെ @!%& ചെയ്ത് £€$¢# ആക്കിക്കളയും.എരണം കെട്ടവളേ. # ****
ഗാന്ധി, കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍, ഗൗരി, ജെ എന്‍ യു.വിലെ ആ മുസ്ലീം ചെക്കന്‍, പശുവിറച്ചി തിന്നുന്ന സംസ്‌കാരമില്ലാത്ത ബാക്കി കുറേയെണ്ണം ഇവരൊക്കെ അനുഭവിച്ചത് അവരുടെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്. നിനക്ക് കിട്ടാന്‍ പോകുന്നത് കണ്ടോടീ *****&**ഈ നാടിനൊരു സംസ്‌കാരമുണ്ട്. സഹിഷ്ണുതയുടെ സംസ്‌കാരം. അതൊന്നും നിനക്കൊന്നും പറഞ്ഞിട്ടില്ലെടീ *####** സംസ്‌കാരം വേണമെടീ സംസ്‌കാരം!
ഈശ്വരാ ഭഗവാനേ ഗാന്ധിക്കും കല്‍ബുര്‍ഗിക്കും പന്‍സാരെക്കും ധബോല്‍ക്കറിനും ഗൗരിക്കും നല്ലത് വരുത്തണേ. എന്നാലും ആ ദുഷ്ടന്മാര് കൊല്ലപ്പെടേണ്ടവരായിരുന്നു. എന്നാലും ഭഗവാനേ അവര്‍ക്ക് നല്ലത് വരുത്തണേ...
വിരാമതിലകം:
'l'd rather die standing than live on my knees'[ മുട്ടില്‍ കുനിഞ്ഞുള്ള നില്‍പ്പിനേക്കാള്‍ നല്ലത് മരണമാണ്.]
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com