ശശീന്ദ്രന്റെ കാത്തിരിപ്പ് നീളുന്നു ; ഫോണ്‍കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി മാറ്റിവെച്ചു
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 12th December 2017 11:56 AM |
Last Updated: 12th December 2017 01:01 PM | A+A A- |

കൊച്ചി : യുവതിയോട് ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ശശീന്ദ്രനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ ചാനല്‍ ലേഖികയാണ് കോടതിയെ സമീപിച്ചത്. കേസ് കോടതിയ്ക്ക് വെളിയില്‍ വെച്ച് പരിഹരിച്ചതായും അതിനാല്‍ കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നുമാണ് ലേഖികയുടെ ആവശ്യം. ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി അഞ്ചിന്
പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
പരാതിക്കാരിയായ ചാനല്‍ ലേഖിക തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ലേഖിക ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും, ചാനല്‍ ലേഖികയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിഴി കേസ് അവസാനിച്ചാല്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ ഇടതുമുന്നണി തത്വത്തില്‍ തീരുമാനമെടുത്തിരുന്നു.