സോളാര്‍ കേസ്: ഹൈബി ഈഡനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് വിതരണം ചെയ്തവര്‍ക്കു തടവും പിഴയും

സോളാര്‍ കേസ്: ഹൈബി ഈഡനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് വിതരണം ചെയ്തവര്‍ക്കു തടവും പിഴയും
സോളാര്‍ കേസ്: ഹൈബി ഈഡനെതിരെ അപകീര്‍ത്തികരമായ നോട്ടീസ് വിതരണം ചെയ്തവര്‍ക്കു തടവും പിഴയും

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെടുത്തി ഹൈബി ഈഡന്‍ എംഎല്‍എയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ള നോട്ടിസ് ഇറക്കിയ നാലു പേരെ കോടതി ശിക്ഷിച്ചു. സംഘപരിവാര്‍ ജനകീയ സമിതിയുടെ പേരില്‍ നോട്ടീസ് ഇറക്കിയ പച്ചാളം കൃഷ്ണകൃപയില്‍ അബിജു സുരേഷ്, തമ്മനം ആനക്കാട് ജോസി മാത്യു, പച്ചാളം ആലിങ്കല്‍ സരിത സന്തോഷ്, പട്ടാളം ഗെയ്സ്റ്റ് നെടുവേലി ഹേമ സുധീര്‍ എന്നിവരെയാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

കോടതി പിരിയും വരെ ഒരു ദിവസത്തെ തടവും ഇരുപത്തിയയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ നാലു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക ഹര്‍ജിക്കാരനു നഷ്ടപരിഹാരമായി കൈമാറാനും കോടതി നിര്‍ദേശിച്ചു. 

പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഹൈബി ഈഡനെതിരെ ഇവര്‍ അപകീര്‍ത്തികരമായ നോട്ടീസ് ഇറക്കിയത്. മേല്‍പ്പാല സമരവുമായി ബന്ധപ്പെട്ട് സമരം നടത്തിയ വീട്ടമ്മമാര്‍ക്കെതിരെ കള്ളക്കേസ് കൊടുത്തു, വികസനം തടസ്സപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ നോട്ടീസില്‍ ഉണ്ടായിരുന്നു. അതോടൊപ്പം സോളാര്‍ കേസുമായി ബന്ധപ്പെടുത്തി ഹൈബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തി. നോട്ടീസ് അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സോളാര്‍ കേസ് പ്രതി സരിത എസ് നായരെ സാക്ഷിയായി വിസ്തരിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ സരിത നായരെ വിസ്താരത്തിനു ഹാജരാക്കാന്‍ പ്രതികള്‍ക്കു കഴിഞ്ഞില്ല. കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികളും നോട്ടീസ് വിതരണം ചെയ്യുന്നതു കണ്ടതായുള്ള സാക്ഷിമൊഴികളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. ഹര്‍ജിക്കാരന് അനുകൂലമായി സാക്ഷിമൊഴി നല്‍കിയവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com