കവര്‍ച്ചയ്ക്ക് മുമ്പ് തിയേറ്ററില്‍ ?  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

തൃപ്പൂണിത്തുറയിലെ തിയേറ്ററില്‍ പ്രതികള്‍ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ എത്തിയതിന്റെ സിസിടിവിദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
കവര്‍ച്ചയ്ക്ക് മുമ്പ് തിയേറ്ററില്‍ ?  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

കൊച്ചി : കൊച്ചിയില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ മോഷണത്തിന് മുമ്പ് തീയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. തൃപ്പൂണിത്തുറയിലെ തിയേറ്ററിലെ സിസിടിവിദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവിടെ സെക്കന്‍ഡ് ഷോ സിനിമ കാണാന്‍ പ്രതികള്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. സിനിമ കണ്ട ശേഷം പത്തുപേരടങ്ങുന്ന സംഘം തിയേറ്ററിന് വെളിയില്‍ ഒത്തുകൂടി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചുവരികയാണ് പൊലീസ്. ഇതോടൊപ്പം ജില്ലയിലും പുറത്തും പ്രതികള്‍ക്കായി അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഉത്തരേന്ത്യക്കാരായ വന്‍കിട മോഷ്ടാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനില്‍ എത്തി കവര്‍ച്ച നടത്തിയശേഷം തിരിച്ചുപോകുന്നതാണ് ഇവരുടെ രീതിയെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച രാത്രി പുല്ലേപ്പടിയില്‍ ഇവര്‍ കവര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും കിട്ടിയിരുന്നില്ല. തുടര്‍ന്ന് സംഘം വെള്ളിയാഴ്ച എരൂരില്‍ കൊള്ള നടത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

പ്രതികള്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വര്‍ണകമ്പിളികള്‍ വില്‍ക്കാനെന്ന പേരില്‍ എത്തിയവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. എരൂരിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അരയില്‍ ഇരുമ്പ് ദണ്ഡ് സൂക്ഷിച്ചാണ് സംഘം സഞ്ചരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു. 

എരൂരില്‍ ആനന്ദകുമാര്‍ എന്ന ആളുടെ വീടിന്റെ ജനല്‍ ഗ്രില്‍ അറുത്തുമാറ്റി അകത്തുകടന്ന സംഘം വീട്ടുടമയെ തലയ്ക്കടിച്ച് വീഴ്ത്തുകയും, തടയാനെത്തിയ വീട്ടമ്മയെ കൈകള്‍ പിന്നില്‍ കെട്ടി ബാത്‌റൂമില്‍ തള്ളിയാണ് കവര്‍ച്ച നടത്തിയത്. വീട്ടില്‍ നിന്ന് 55 പവനും 20,000 രൂപയുമാണ് ഇവിടെ നിന്നും സംഘം കവര്‍ന്നത്. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ആനന്ദകുമാര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com