'സൗഹൃദത്തെ അവര്‍ സെക്‌സാക്കി മാറ്റി, അശ്ലീലം പറഞ്ഞ് ആക്ഷേപിച്ചു'; കെട്ടിപ്പിടിച്ചതിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെതിരേ പെണ്‍കുട്ടി

സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനൊപ്പം മറ്റ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത് വരെ തടഞ്ഞതോടെ കഴിഞ്ഞ അഞ്ച് മാസമായി കുട്ടിയുടെ പഠനം മുടങ്ങിയിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്ത് ആലിംഗനം ചെയ്തപ്പോള്‍ അത് ഒരു ഭൂലോക പ്രശ്‌നമാകുമെന്ന് ഒരിക്കലും അവള്‍ വിചാരിച്ചിരുന്നില്ല. എന്നാല്‍ നിഷ്‌കളങ്കമായ ആലിംഗനം പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നല്‍കിയ വേദന ഒരുപാടാണ്. പഠിച്ച സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളും അധ്യാപകരും ശത്രുപക്ഷത്ത് നിലയുറപ്പിച്ചതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഈ പെണ്‍കുട്ടി. സ്‌റ്റേജില്‍ നിന്ന് പരിപാടി കഴിഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സുഹൃത്തായ പ്ലസ് ടു വിദ്യാര്‍ത്ഥി കെട്ടിപ്പിടിച്ചതിന് ഇരുവരേയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു.
 
സ്‌കൂള്‍ അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റ് സ്‌കൂളിലേക്ക് പ്രവേശനം നേടുന്നത് തടഞ്ഞെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി. അത് ഒരു സൗഹൃദ ആലിംഗനം മാത്രമായിരുന്നെന്നും എന്നാല്‍ ടീച്ചര്‍മാര്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും കുട്ടി പറഞ്ഞു. അധ്യാപിക പരാതി പറഞ്ഞതിന് പിന്നാലെ അമ്മയോടൊപ്പം എത്തിയപ്പോള്‍ അശ്ലീലമായ വാക്കുകളാണ് അധികൃതര്‍ ഉപയോഗിച്ചത്. പഠനം തുടരണമെങ്കില്‍ തന്നെ കെട്ടിപ്പിടിച്ച ആണ്‍കുട്ടിക്കെതിരേ പരാതി എഴുതി നല്‍കണമെന്ന് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി വ്യക്തമാക്കി. 

സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനൊപ്പം മറ്റ് സ്‌കൂളില്‍ പ്രവേശനം ലഭിക്കുന്നത് വരെ തടഞ്ഞതോടെ കഴിഞ്ഞ അഞ്ച് മാസമായി കുട്ടിയുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ആണ്‍കുട്ടിയുടേയും പഠനം മുടങ്ങിയ അവസ്ഥയിലാണ്. സ്‌കൂളിന്റെ വാശികാരണം ഈ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. താന്‍ ക്ഷമാപണം നടത്തിയിട്ടും വളരെ മോശമായാണ് സ്‌കൂള്‍ അധികൃതര്‍ പെരുമാറിയതെന്നും മറ്റൊരു കുട്ടിക്ക് ഇതുപോലൊരും അനുഭവം ഉണ്ടായിട്ടുണ്ടാവില്ലെന്നും കുട്ടി പറഞ്ഞു.

സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിന് എതിരേ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നിയമനടപടിക്കൊന്നും നില്‍ക്കാതെ മറ്റൊരു സ്‌കൂളില്‍ കുട്ടിക്ക് പ്രവേശനം നേടാനാണ് ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം കിട്ടിയില്ല. പഴയ സ്‌കൂളുമായി ബന്ധപ്പെട്ടവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കുട്ടി ആരോപിക്കുന്നത്. 

എന്നാല്‍ മാര്‍ തോമസ് ചര്‍ച്ച് അജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സെക്രട്ടറിയായ രാജന്‍ വര്‍ഗീസ് എല്ലാ ആരോപണങ്ങളും തള്ളി. മറ്റൊരു സ്‌കൂളില്‍ പെണ്‍കുട്ടി പ്രവേശനം നേടാന്‍ ശ്രമിച്ചത് അറിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്വേഷണ കമ്മീഷന് മുന്നിലോ ഹൈക്കോടതിക്ക് മുന്നിലോ വ്യക്തമാക്കാത്ത ആരോപണങ്ങളാണ് പെണ്‍കുട്ടി പറയുന്നതെന്ന് രാജന്‍ പറഞ്ഞു. കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ചിത്രങ്ങള്‍ വരെ എടുത്ത് തെളിവു ശേഖരിച്ചാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. ഇതിന് ഹൈക്കോടതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com