നിങ്ങളുടെ ശത്രുക്കള്‍ ആരാണ്? രാഹുല്‍ ഗാന്ധിക്ക് എംഎം മണിയുടെ മറുപടി

നിങ്ങളുടെ ശത്രുക്കള്‍ ആരാണ്? രാഹുല്‍ ഗാന്ധിക്ക് എംഎം മണിയുടെ മറുപടി

കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പങ്കെടുത്ത ആദ്യ പരിപാടിയില്‍ പ്രസംഗിക്കവെ സിപിഎമ്മിനോട്  ചോദിച്ച നിങ്ങളുടെ ശത്രുക്കള്‍ ആരാണ് എന്ന ചോദ്യത്തിന് മറുപടിയുമായി എംഎം മണി. സ്വതന്ത്ര്യ ഇന്ത്യയിലെ കഴിഞ്ഞ 70 വര്‍ഷക്കാലത്തെ ചരിത്രം പഠിക്കാതെയാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചോദ്യം. 1947 മുതല്‍ ശ്രീ. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആദരണീയനായ നെഹ്‌റുവും അദ്ദേഹം അന്തരിച്ച ശേഷം കുറഞ്ഞ കാലഘട്ടം ലാല്‍ബഹദൂര്‍ ശാസ്ത്രിയും പിന്നീട് ദീര്‍ഘനാള്‍ രാഹുല്‍ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയും അതിനുശേഷം പിതാവ് രാജീവ് ഗാന്ധിയും പിന്നീട് നരസിംഹറാവുവും പിന്നീട് കഴിഞ്ഞ 10 വര്‍ഷക്കാലം രാഹുല്‍ ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധിയുടെ ഒത്താശയോട് കൂടി മന്‍മോഹന്‍സിംഗും ഭരണാധികാരം കൈമാറിയ ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കുമെന്നും മണി പറയുന്നു.

കോണ്‍ഗ്രസിന്റെ നയവൈകല്യത്തിന്റെ ഭാഗമായി ബി.ജെ.പി. യില്‍ അണിനിരന്നിരിക്കുന്നവരില്‍ 60% പേരും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാര്‍ കൂറ് മാറി ബി.ജെ.പി. യില്‍ ചേര്‍ന്നതിനാല്‍ ആണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിന് അനുകൂലമായി ഏത് നിലപാട് എടുത്താലും അത് ബി.ജെ.പി ശക്തിപ്പെടാനെ സഹായിക്കൂ എന്നും മണി ഫെയ്‌സ് ബുക്കില്‍ കുറിച്ചു

മണിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് പങ്കെടുത്ത ആദ്യ പരിപാടിയില്‍ പ്രസംഗിക്കവെ സി.പി.ഐ.(എം) നോട് ഒരു ചോദ്യം ചോദിച്ചു.

നിങ്ങളുടെ ശത്രുക്കള്‍ ആരാണ്? കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അദ്ദേഹം കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചു.

സ്വതന്ത്ര്യ ഇന്ത്യയിലെ കഴിഞ്ഞ 70 വര്‍ഷക്കാലത്തെ ചരിത്രം പഠിക്കാതെയാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചോദ്യം. 1947 മുതല്‍ ശ്രീ. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആദരണീയനായ നെഹ്‌റുവും അദ്ദേഹം അന്തരിച്ച ശേഷം കുറഞ്ഞ കാലഘട്ടം ലാല്‍ബഹദൂര്‍ ശാസ്ത്രിയും പിന്നീട് ദീര്‍ഘനാള്‍ രാഹുല്‍ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിര ഗാന്ധിയും അതിനുശേഷം പിതാവ് രാജീവ് ഗാന്ധിയും പിന്നീട് നരസിംഹറാവുവും പിന്നീട് കഴിഞ്ഞ 10 വര്‍ഷക്കാലം രാഹുല്‍ ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധിയുടെ ഒത്താശയോട് കൂടി മന്‍മോഹന്‍സിംഗും ഭരണാധികാരം കൈമാറിയ ചരിത്രം പഠിക്കുന്നത് രാഹുല്‍ ഗാന്ധിക്ക് നന്നായിരിക്കും.

സ്വാതന്ത്ര്യ സമരം മുതല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ സോഷ്യലിസവും ജനക്ഷേമപരിപാടികളും നടപ്പിലാക്കാതെ ഇന്ത്യന്‍ ജനതയെ വഞ്ചിക്കുകയും ഇന്ത്യയില്‍ മുതലാളിത്തം ശക്തിപ്പെടുത്താന്‍ എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയും അധികാരം നിലനിര്‍ത്താന്‍ വേണ്ടി എല്ലാ വര്‍ഗ്ഗീയതയും വേണ്ടുവോളം പ്രീണിപ്പിക്കുകയും ചെയ്തു. ഹിന്ദു വര്‍ഗീയത, ഇസ്ലാമിക് വര്‍ഗീയത, ക്രിസ്ത്യന്‍ വര്‍ഗീയത, സിക്ക് വര്‍ഗീയത ഇതെല്ലാം ആ പട്ടികയില്‍ വരും. കോണ്‍ഗ്രസ് നേതൃത്വം ആര്‍.എസ്.എസ്. മായി പോലും സന്ധി ചെയ്തിട്ടുണ്ട്. അതിന്റെ അനന്തരഫലമാണ് അയോധ്യയിലെ മുസ്ലീം പള്ളി തകര്‍ക്കാന്‍ നടത്തിയ കളി. കോണ്‍ഗ്രസിന്റെ ഈ ചെയ്തികളുടെ ആകെ തുകയാണ് 1925 ല്‍ രൂപം കൊണ്ട ആര്‍.എസ്.എസ് ഉം ദുര്‍ബലമായിരുന്ന ആര്‍.എസ്.എസ് ഇന്നത്തെ നിലയില്‍ വളരുവാനും അതിന്റെ രാഷ്ട്രീയ രൂപമായ ഹിന്ദുമഹാസഭ ജനസംഘം, ഇപ്പോള്‍ ബി.ജെ.പി എന്ന നിലയില്‍ വളര്‍ന്ന് വന്നത്, കോണ്‍ഗ്രസിന്റെ സഹായത്തോട് കൂടിയാണ്. അതിന്റെ ഭാഗമായി വാജ്‌പേയിയുടെ 6 വര്‍ഷത്തെ ബി.ജെ.പി. ഭരണവും ഇപ്പോള്‍ നരേന്ദ്രമോഡിയുടെ ബി.ജെ.പി. ഭരണവും ഇപ്പോള്‍ 19 സംസ്ഥാനങ്ങളില്‍ ബി.ജെ.പി. ഭരണം ഉറപ്പിച്ചതും. രാജ്യത്ത് ആകെ വര്‍ഗീയ അസ്വസ്ഥത, ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്യലും ഈ സാഹചര്യത്തിലാണ്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ബി.ജെ.പി. ഭരണം ഒഴിവാക്കാന്‍ ഇടതുപക്ഷത്തിന്റെ 62 എം.പി. മാര്‍ പിന്തുണ നല്‍കിയതും നിര്‍ണായകഘട്ടത്തില്‍ രാഹുല്‍ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധിയും കോണ്‍ഗ്രസും മന്‍മോഹന്‍സിംഗും ഇടതുപക്ഷത്തെ കൈകാര്യം ചെയ്തതും വഞ്ചിച്ചതും രാഹുലിന് ഓര്‍മ്മയില്ലേ?

കോണ്‍ഗ്രസിന്റെ നയവൈകല്യത്തിന്റെ ഭാഗമായി ബി.ജെ.പി. യില്‍ അണിനിരന്നിരിക്കുന്നവരില്‍ 60% പേരും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കന്മാര്‍ കൂറ് മാറി ബി.ജെ.പി. യില്‍ ചേര്‍ന്നതിനാല്‍ ആണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിന് അനുകൂലമായി ഏത് നിലപാട് എടുത്താലും അത് ബി.ജെ.പി ശക്തിപ്പെടാനെ സഹായിക്കൂ... ഈ സാഹചര്യത്തിനു ബി.ജെ.പി. എന്ന ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ശക്തമായി എതിര്‍ക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിനെയും ശക്തമായി എതിര്‍ത്ത് ഇടതുപക്ഷ ജനാധിപത്യ സഖ്യം ശക്തിപ്പെടുത്തുക എന്ന നിലപാടാണ് സി.പി.ഐ(എം) ന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചത്. അപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ആരാണ് ശത്രു ആരാണ് മിത്രം എന്ന് മനസ്സിലായികാണുമെന്ന് പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com