അഴിമതിക്കെതിരെ മൗനിയാകാന്‍ മനസ്സില്ല; സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ തുടരുമെന്ന് ജേക്കബ് തോമസ് 

കേരളത്തില്‍ നിലവിലുള്ള അഴിമതി വിരുദ്ധ നിയമം പൂര്‍ണമായും ശരിയായി നടപ്പാക്കുന്നുണ്ട് എന്ന് പൊതുജനം കരുതുന്നുണ്ടോയെന്ന് സസ്‌പെന്‍ഷനിലായ ഐഎംജി മേധാവി ജേക്കബ് തോമസ്
അഴിമതിക്കെതിരെ മൗനിയാകാന്‍ മനസ്സില്ല; സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ തുടരുമെന്ന് ജേക്കബ് തോമസ് 

തിരുവനന്തപുരം: കേരളത്തില്‍ നിലവിലുള്ള അഴിമതി വിരുദ്ധ നിയമം പൂര്‍ണമായും ശരിയായി നടപ്പാക്കുന്നുണ്ട് എന്ന് പൊതുജനം കരുതുന്നുണ്ടോയെന്ന് സസ്‌പെന്‍ഷനിലായ ഐഎംജി മേധാവി ജേക്കബ് തോമസ്. കേരളത്തില്‍ നിയമവാഴ്ചയില്ലെന്ന വിവാദ പ്രസംഗത്തെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും സ്വജനപക്ഷപാദവും ജനങ്ങള്‍ക്ക് ഇഷ്ടമല്ല. അഴിമതിക്കെതിരെ മൗനിയാകാന്‍ മനസ്സില്ല. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മൗനികളാക്കാന്‍ ലോകത്ത് എല്ലായിടത്തും ശ്രമം നടക്കുന്നുണ്ട്. സ്രാവുകള്‍ക്ക് ഒപ്പം നീന്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അങ്ങനെ പല കാര്യങ്ങളും നടക്കും. നീന്തല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജേക്കബ് തോമസിന്റെ പ്രസംഗം സര്‍ക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ജേക്കബ് തോമസിന്റെ പ്രസംഗം പ്രതികൂലമായി ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഏറ്റവും രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ കലാപമുണ്ടാക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും തീര്‍ത്തും ഉചിതമല്ലാത്ത പ്രസ്താവനയാണ് ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുമുണ്ടായത് എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും സര്‍ക്കാര്‍ കണ്ടെത്തി.

തിരുവനന്തപുരം പ്രസ് കല്‍ില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തില്‍ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസിന്റെ വിവാദപ്രസ്താവന. സംസ്ഥാനത്തു നിയമവാഴ്ച ഇല്ല. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണ്. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാല്‍ പിന്നെ ഒരു വിസില്‍ ബ്‌ളോവറും ഉണ്ടാകില്ല.

മാധ്യമങ്ങളും വിസില്‍ ബ്‌ളോവര്‍മാരാണ്. അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത് എന്നൊക്കെ മാധ്യമ ഓഫിസുകളില്‍ വിളിച്ചു പറയുന്നു. ഭരണം എന്നാല്‍ ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ? ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നത്. വലിയ പരസ്യം കാണുമ്പോള്‍ ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണം.

ഓഖി ചുഴലിക്കാറ്റ് ദുരിതാശാസ്വാസ പ്രവര്‍ത്തനങ്ങളേയും ജേക്കബ് തോമസ് വിമര്‍ശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം എന്നായിരുന്നു ജേക്കബിന്റെ ചോദ്യം.ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തു പോയി നില്‍ക്കാം. 1400 കോടി രൂപയുടെ സൂനാമി പാക്കേജ് കട്ടുകൊണ്ടു പോയി. സൂനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്നീ കാഴ്ച ഉണ്ടാകുമായിരുന്നോയെന്നും ഹേക്കബ് തോമസ് ചോദിച്ചിരുന്നു. ഈ പ്രസംഗമാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com