അഴിമതിയില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്; വകുപ്പുതല നടപടി എടുത്തത് ഒരു ഉദ്യോഗസ്ഥനെതിരെ മാത്രം

അഴിമതിക്കേസുകളില്‍ കോടതിയില്‍ വിചാരണ കാത്ത് കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍.
അഴിമതിയില്‍ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്ത്; വകുപ്പുതല നടപടി എടുത്തത് ഒരു ഉദ്യോഗസ്ഥനെതിരെ മാത്രം

കൊച്ചി : അഴിമതിയില്‍ കേരളം ഇന്ത്യയില്‍ മൂന്നാംസ്ഥാനത്ത്. ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരമാണ് ഉദ്യോഗസ്ഥ തല അഴിമതിയില്‍ കേരളം രാജ്യത്ത് ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നില്‍ ഇടംപിടിച്ചത്. 2016 ല്‍ കേരളത്തില്‍ 430 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2015 ല്‍ 377 ആയിരുന്നതാണ് 2016 ല്‍ 430 ആയി വര്‍ധിച്ചത്. 

മഹാരാഷ്ട്രയാണ് അഴിമതിയുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം. 2016 ല്‍ 1016 അഴിമതി കേസുകളാണ് മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള ഒഡീഷയിലാകട്ടെ 569 കേസുകളാണ് 2016 ല്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തെ അഴിമതിയില്‍ കേരളത്തിന്റെ ശരാശരി 9.7 ശതമാനമാണ്. മഹാരാഷ്ട്രയുടേത് 22.9 ശതമാനവും, ഒഡീഷയുടേത് 12.8 ശതമാനവുമാണെന്ന് ദേശീയ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നു. 

2016 ല്‍ അഴിമതിക്കുറ്റത്തിന് കേരളത്തില്‍ ഒരാളെ മാത്രമാണ് വകുപ്പുതല ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കിയത്. അതേസമയം അഴിമതിക്കേസുകളില്‍ കോടതിയില്‍ വിചാരണ കാത്ത് കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. 2016 അവസാനത്തോടെ, സംസ്ഥാനത്ത് 1167 കേസുകളാണ് വിചാരണ കാത്ത് കെട്ടിക്കിടക്കുന്നത്. മുന്‍വര്‍ഷത്തെ 1102 കേസുകളും വിചാരണക്കായി കെട്ടിക്കിടക്കുകയാണ്. 65 കേസുകല്‍ വിചാരണക്കായി അയച്ചു. 49 കേസുകള്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയാക്കിയതെന്നും എന്‍സിആര്‍ബി രേഖകള്‍ വെളിപ്പെടുത്തുന്നു. 

അതേസമയം 2017 ല്‍ അഴിമതിക്കേസില്‍ താരതമ്യേന കുറവ് വന്നിട്ടുണ്ട്. 2017 ഡിസംബര്‍ പകുതി വരെ 135 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് വിജിലന്‍സ് ആന്റ് ആന്റഖി കറപ്ഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു. അഴിമതി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം 1500 ഓളം പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. പരാതിയുടെ ആധികാരികത സ്ഥിരീകരിച്ചശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com