നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവന; ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവന; ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയെ തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ഇത് സര്‍ക്കാരിനെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പിന് കാരണമായി എന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.  നിലവില്‍ ഐഎംജി ഡയറക്ടാറാണ് ജേക്കബ് തോമസ്. 
വിവാദ പ്രസ്താവനയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയും ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നുതന്നെ പുറത്തിറങ്ങും. 

ഏറ്റവും രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ കലാപമുണ്ടാക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും തീര്‍ത്തും ഉചിതമല്ലാത്ത പ്ര്‌സ്താവനയാണ് ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്നുമുണ്ടായത് എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും സര്‍ക്കാര്‍ കണ്ടെത്തി. 

പ്രസ് കഌില്‍ അഴിമതിവിരുദ്ധ ദിനാചരണയോഗത്തില്‍ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസിന്റെ വിവാദപ്രസ്താവന. സംസ്ഥാനത്തു നിയമവാഴ്ച ഇല്ല. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിനു കാരണം ഇതാണ്. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാല്‍ പിന്നെ ഒരു വിസില്‍ ബ്‌ളോവറും ഉണ്ടാകില്ല. 

മാധ്യമങ്ങളും വിസില്‍ ബ്‌ളോവര്‍മാരാണ്. അങ്ങനെ പറയരുത്, ഇങ്ങനെ പറയരുത് എന്നൊക്കെ മാധ്യമ ഓഫിസുകളില്‍ വിളിച്ചു പറയുന്നു. ഭരണം എന്നാല്‍ ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ?  ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങള്‍ വേണ്ടിവരുന്നത്. വലിയ പരസ്യം കാണുമ്പോള്‍ ഗുണനിലവാരമില്ലെന്ന് ഓര്‍ക്കണം. 

ഓഖി ചുഴലിക്കാറ്റ് ദുരിതാശാസ്വാസ പ്രവര്‍ത്തനങ്ങളേയും ജേക്കബ് തോമസ് വിമര്‍ശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം എന്നായിരുന്നു ജേക്കബിന്റെ ചോദ്യം. 

ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവര്‍ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്കു ജനത്തിന്റെ അടുത്തു പോയി നില്‍ക്കാം. 1400 കോടി രൂപയുടെ സൂനാമി പാക്കേജ് കട്ടുകൊണ്ടു പോയി. സൂനാമി ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇന്നീ കാഴ്ച ഉണ്ടാകുമായിരുന്നോയെന്നും ഹേക്കബ് തോമസ് ചോദിച്ചിരുന്നു. ഈ പ്രസംഗമാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com