മഞ്ജുവും താനും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞുപരത്തിയത് ദിലീപ് : സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2017 11:22 AM  |  

Last Updated: 20th December 2017 11:22 AM  |   A+A-   |  


കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മൊഴി പുറത്ത്. താനും മഞ്ജു വാര്യരും തമ്മില്‍ ബന്ധമുണ്ടെന്ന അപവാദം പറഞ്ഞുപരത്തിയത് ദിലീപാണെന്ന് ശ്രീകുമാര്‍ മേനോന്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. 

ശ്രീകുമാര്‍ മേനോന്റെ മൊഴിയിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ : 

മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ നിന്ന് കുഞ്ചാക്കോ ബോബനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സൈറ ബാനു എന്ന സിനിമയില്‍ നായകന്മാരെ ലഭിക്കാതിരുന്നത് ദിലീപ് കാരണമാണ്. 

മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല.
ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു.

ദിലീപ് കുടിലബുദ്ധിക്കാരനെന്ന് മലയാള സിനിമയില്‍ പരക്കെ അറിയാം. സ്വന്തം കാര്യങ്ങള്‍ക്ക് വളഞ്ഞ വഴി സ്വീകരിക്കുന്ന ആളാണ് ദിലീപെന്നും ശ്രീകുമാര്‍ മേനോന്‍ മൊഴിയില്‍ വ്യക്തമാക്കി. 

മഞ്ജു വാര്യര്‍ സംവിധായന്‍ ശ്രീകുമാര്‍ മേനോനൊപ്പം

 

ദിലീപുമായുള്ള വേര്‍പിരിഞ്ഞ ശേഷം മഞ്ജു വാര്യര്‍ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ്. മഞ്ജു വാര്യരുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളത്.മഞ്ജുവുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

നേരത്തെ തന്റെ കുടുംബ ബന്ധം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍ ആണെന്ന് ദിലീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപും മുന്‍ഭാര്യ മഞ്ജുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട നടിയും കാരണമായിട്ടുണ്ടെന്ന് കാവ്യ മാധവന്‍ നല്‍കിയ മൊഴി പുറത്ത് വന്നിരുന്നു.