യുഡിഎഫ് അനുകൂല സംഘടന വിട്ടുവന്നയാളെ ജില്ലാ പ്രസിഡന്റ് ആക്കണമെന്ന പാര്‍ട്ടി നിര്‍ദേശം കെഎസ്ടിഎ തള്ളി

യുഡിഎഫ് അനുകൂല സ്വതന്ത്ര സംഘടനയുടെ ഭാരവാഹിയായിരുന്നയാളെ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ആക്കാനുള്ള സിപിഎം തീരുമാനം സംഘടനാ നേതൃയോഗം വെട്ടി -  എകെ അബ്ദുള്‍ഹക്കീമിനെ പ്രസിഡന്റാക്കാനുള്ള തീരുമാനമാണ് വെട്ടിയത്‌
യുഡിഎഫ് അനുകൂല സംഘടന വിട്ടുവന്നയാളെ ജില്ലാ പ്രസിഡന്റ് ആക്കണമെന്ന പാര്‍ട്ടി നിര്‍ദേശം കെഎസ്ടിഎ തള്ളി

കോഴിക്കോട്: യുഡിഎഫ് അനുകൂല സ്വതന്ത്ര സംഘടനയുടെ ഭാരവാഹിയായിരുന്നയാളെ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ആക്കാനുള്ള സിപിഎം തീരുമാനം സംഘടനാ നേതൃയോഗം വെട്ടി. എകെ അബ്ദുള്‍ ഹക്കീമിനെ കെഎസ്ടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റാക്കാനുള്ള പാര്‍ട്ടി തീരുമാനമാണ്, അധ്യാപക സംഘടന തള്ളിയത്. 

കഴിഞ്ഞ ഞായറാഴ്ച സമാപിച്ച കെഎസ്ടിഎയുടെ 22ാമത് ജില്ലാ സമ്മേളനമാണ് മുന്‍ കെഎച്ച്എസ്ടിഎയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹക്കീമിനെ പ്രസിഡന്റാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം തള്ളിയത്. ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഹക്കീമിനെ നേതൃനിരയിലെത്തിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ തന്നെ മുന്‍കൈ എടുത്തിരുന്നു. 

സമ്മേളനത്തില്‍ പുതിയ കമ്മറ്റിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന കെഎസ്ടിഎ ജില്ലാ കമ്മറ്റി യോഗത്തില്‍ ഹക്കീമിനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കമ്മറ്റി അംഗങ്ങള്‍ വലിയ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താമെന്നായപ്പോള്‍ ഹക്കീമിനെ എക്‌സിക്യുട്ടീവില്‍ ഉള്‍പ്പടുത്താനായി പാര്‍ട്ടി സമ്മര്‍ദ്ദം. തുടര്‍ന്ന്  എക്‌സിക്യുട്ടീവില്‍ പാര്‍ട്ടി തീരുമാനം നടപ്പാക്കാമെന്ന് ജില്ലാ കമ്മറ്റി അംഗങ്ങള്‍ സമ്മതിച്ചെങ്കിലും പ്രസിഡന്റാക്കണമെന്നാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് കെഎസ്ടിഎ സംഘടനാ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ചന്ദ്രന്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനികില്ലെന്ന് ജില്ലാ കമ്മറ്റി യോഗം അറിയിച്ചു. തുടര്‍ന്നാണ് സമ്മേളനത്തില്‍ മത്സരമുണ്ടായത് 

ജില്ലാ സമ്മേളനത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ അബ്ദുള്‍ ഹക്കീമിന് 92 വോട്ടാണ് ലഭിച്ചത്. 132 വോട്ടു നേടി ആര്‍ വി അബ്ദുള്ള ജില്ലാ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടു. ഒരു മാസം മുമ്പാണ് അബ്ദുള്‍ ഹക്കീം കെഎസ്ടിഎ അംഗത്വമെടുത്തത്. ഇത്തരത്തിലൊരാളെ ജില്ലാ കമ്മറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാണ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. കഴിഞ്ഞ സിറ്റി സബ്ജില്ലാ സമ്മേളനത്തില്‍ ഹക്കീം സബ്ജില്ലാ കമ്മറ്റിയില്‍  ഉള്‍പ്പെടുത്തിയത് തന്നെ സമ്മേളനത്തിന് നിരക്കുന്ന രീതിയില്ലെന്നുമായിരുന്നു സമ്മേളന പ്രതിനിധികളുടെ അഭിപ്രായം.

കോഴിക്കോട് നഗരം കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹക്കീമിനെ കെഎസ്ടിഎ നേതൃനിരയിലേക്ക് എത്തിക്കാന്‍ മുന്‍ വിദ്യാഭ്യാസമന്ത്രിയും സിപിഎം പിബി അംഗവുമായ എംഎ ബേബിയുടെ ഇടപെടലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ കെടി കുഞ്ഞിക്കണ്ണന്‍, മുന്‍ കെഎസ്ടിഎ നേതാവു കൂടിയായ ചന്ദ്രന്‍ മാസ്റ്ററും ഹക്കീം ജില്ലാ പ്രസിഡന്റാകണമെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് കെഎസ്ടിഎ സമ്മേളനം തള്ളുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ കെഎസ്ടിഎ ജില്ലാ സമ്മേളനത്തില്‍ 17 സബ്ജില്ലാ സമ്മേളനത്തിലും രൂക്ഷമായ വിമര്‍ശനവും ഹക്കീമിനെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചോദ്യപേപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഹക്കീമിനെതിരെ ഉണ്ടായിരുന്നു. ഇതെല്ലാം മാറ്റി നിര്‍ത്തിയായിരുന്നു ജില്ലാ പ്രസിഡന്റാക്കാനുള്ള പാര്‍ട്ടിയുടെ നീക്കം.  ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്റേറച്ചര്‍ ഫെസ്റ്റിലിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയാണ് എകെ അബ്ദുള്‍ ഹക്കീം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com