ഇതു ചെയ്യുന്നതു പുരുഷന്മാര്‍ ആയിരുന്നെങ്കില്‍ ഇത്രയ്ക്കു കേള്‍ക്കേണ്ടിവന്നേക്കില്ല

ഇതു ചെയ്യുന്നതു പുരുഷന്മാര്‍ ആയിരുന്നെങ്കില്‍ ഇത്രയ്ക്കു കേള്‍ക്കേണ്ടിവന്നേക്കില്ല 
ഇതു ചെയ്യുന്നതു പുരുഷന്മാര്‍ ആയിരുന്നെങ്കില്‍ ഇത്രയ്ക്കു കേള്‍ക്കേണ്ടിവന്നേക്കില്ല


വര്‍ സ്റ്റോറി എന്ന ടെലിവിഷന്‍ പ്രോഗ്രാം ചെയ്യുന്നത് പുരുഷന്മാര്‍ ആയിരുന്നെങ്കില്‍ തനിക്കു കേള്‍ക്കേണ്ടിവരുന്നത്ര അധിക്ഷേപം ഉണ്ടാവുമായിരുന്നില്ലെന്ന്, പരിപാടിയുടെ അവതാരകയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയുമായ സിന്ധു സൂര്യകുമാര്‍. തന്നെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ ഇവളാരാ കയറിയിരുന്ന് ആളുകളെ ചീത്ത പറയാന്‍ എന്ന രീതിയുണ്ട്. അവരൊക്കെ വലിയ വലിയ ആളുകളും എത്രയോ വര്‍ഷത്തെ അനുഭവങ്ങളുള്ള നേതാക്കന്മാരുമാണ്, ഈ പെണ്ണിനെന്തു കാര്യം എന്ന മട്ടില്‍ പെണ്ണായതുകൊണ്ടുള്ള അധിക്ഷേപങ്ങളുണ്ടാകുന്നുണ്ടെന്ന് സിന്ധു സൂര്യകുമാര്‍ പറഞ്ഞു. സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് സിന്ധുവിന്റെ തുറന്നുപറച്ചില്‍.

ദുര്‍ഗാ ദേവിയെ വിമര്‍ശിച്ചെന്ന വിവാദം, സംഘപരിവാറില്‍നിന്നും സിപിഎമ്മില്‍നിന്നുമുണ്ടായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും, മാധ്യമങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സിന്ധു സൂര്യകുമാര്‍ അഭിമുഖത്തില്‍ വിശദമാക്കുന്നുണ്ട്. അഭിമുഖത്തില്‍നിന്ന്: 

ദുര്‍ഗാ ദേവി വിവാദം

പറയാത്ത കാര്യത്തിന്റെ പേരിലായിരുന്നു ദുര്‍ഗാദേവിയെ വിമര്‍ശിച്ചു എന്ന കോലാഹലം. പക്ഷേ, ന്യൂസ് അവറിന്റെ പേരില്‍ ഉണ്ടായതാണെങ്കിലും ആ പ്രശ്‌നങ്ങളുണ്ടായത് ന്യൂസ് അവറിന്റെ പേരിലാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച്, ഞാന്‍ കവര്‍ സ്റ്റോറി ചെയ്യുന്ന ആളായതുകൊണ്ടാണെന്നാണ് അന്നും ഇന്നും മനസ്സിലാകുന്നത്. ആ ന്യൂസ് അവറില്‍ അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, വിവാദമുണ്ടാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. പക്ഷേ, നോക്കിവച്ചിരിക്കുന്ന ഒരു ടാര്‍ഗറ്റാണ് എന്നതുകൊണ്ട് നോക്കിവച്ച് ആക്രമിച്ചു എന്നല്ലാതെ അതൊരു ന്യസ് അവര്‍ വിഷയമായി ഞാന്‍ കാണുന്നില്ല. അത് വേറിട്ട ഒരു വലിയ തരം സൈബര്‍ ആക്രമണമോ അല്ലാത്ത ആക്രമണമോ ഒക്കെ ആയിരുന്നു. അതല്ലാതേയും അതിരൂക്ഷമായ വ്യക്തിഹത്യയും ആരോപണങ്ങളും ഞാന്‍ നേരിട്ടിട്ടുണ്ട്. അതിന്റെയെല്ലാം അടിസ്ഥാന കാരണം ഇതാണെന്നും വിചാരിക്കുന്നു. രാഷ്ട്രീയപ്പാര്‍ട്ടി ഭേദമില്ലാതെ കേട്ടിട്ടുണ്ട്. ഓരോ സമയത്ത് എടുക്കുന്ന വിഷയം ഏതാണോ അതിനനുസരിച്ച് കിട്ടിക്കൊണ്ടിരിക്കും. ആദ്യമൊക്കെ എന്താ ഇങ്ങനെ എന്നു തോന്നിയിട്ടുണ്ട്. പിന്നെപ്പിന്നെ... 


വിമര്‍ശനങ്ങള്‍ വായിച്ചുനോക്കും

ഇതൊക്കെയാണെങ്കിലും എന്റെ ശ്രദ്ധയില്‍ വരുന്ന ഏത് വിമര്‍ശനവും ഞാന്‍ വായിച്ചു നോക്കാറുണ്ട്, തെറിയല്ലാത്തതൊക്കെ. കാരണം, എനിക്ക് അതില്‍ നിന്നെന്തെങ്കിലും അറിയാനുണ്ടായേക്കാം. ആളുകള്‍ക്ക് അങ്ങനെയൊരു ധാരണയുണ്ടാകാനുള്ള കാരണം എന്താണെന്ന് ഞാന്‍ അറിഞ്ഞിരിക്കണം. രാഷ്ട്രീയ വിരോധംകൊണ്ട് ആക്രമിക്കുന്ന ധാരാളം പേരുണ്ടാകാം. പ്രത്യേകിച്ച് ഇന്ന പോയിന്റാണ് നിങ്ങള്‍ തെറ്റിച്ചത് എന്നു പറയാതെ വസ്തുതാപരമായി നമ്മളെ നേരിടാനാകാതെ വെറുതെയിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കഴമ്പൊന്നുമില്ല. അതല്ലാതെ ചില വിശദാംശങ്ങളും വിവരങ്ങളുമൊക്കെ വച്ചിട്ട് കാര്യകാരണ സഹിതം നമ്മുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്ന ഒരുപാടു പേരുണ്ട്. അത്തരം കാര്യങ്ങള്‍ വരുമ്പോള്‍ കാര്യമായിത്തന്നെ നോക്കാറുണ്ട്.


ബിജെപി വന്നതോടെ രാഷ്ട്രീയ നിലപാട് എടുക്കേണ്ടിവന്നു

ഇത്തവണ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഈ പറയുന്ന സാഹചര്യമുണ്ടായത്. അതിനു ശേഷമാണ് ഞാന്‍ ദേശീയ വിഷയങ്ങള്‍ കൂടുതലും എടുത്തിട്ടുള്ളത്. അത് ഈ സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഉണ്ടായ മാറ്റംകൊണ്ടായിരിക്കാം. നമ്മള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും വായിക്കുകയും ചെയ്യുന്ന ഈ സ്ഫിയര്‍ വലുതായിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. അതിന്റെ ആവശ്യം പല തലങ്ങളിലും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വായനയും നിരീക്ഷണവുമൊക്കെ വിശാലമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊരു സത്യമാണ്. ഒരുപക്ഷേ, ഇത്തരമൊരു സാഹചര്യം ഇല്ലായിരുന്നെങ്കിലും അതൊക്കെ ചെയ്യുമായിരുന്നിരിക്കാം, അറിയില്ല. ഇപ്പോള്‍ കൂടുതല്‍ ചെയ്യാന്‍ പറ്റുന്നുണ്ട്, അതിനുള്ള സാധ്യതകളും ഉണ്ടാകുന്നുണ്ട്. 


കൂടുതല്‍ ആക്രമണം സംഘപരിവാറില്‍നിന്ന്

സംഘപരിവാറില്‍നിന്നും സിപിഎമ്മില്‍നിന്നും ഉണ്ടായ ആക്രമണം രണ്ടു തരമാണ്. സി.പി.എമ്മിനെ അതിരൂക്ഷമായി ഒരുപാടു വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, വധഭീഷണിയൊന്നും അവര്‍ മുഴക്കിയിട്ടില്ല. വ്യക്തിപരമായി അധിക്ഷേപിക്കുക എന്നത് കൂടുതലും ഉണ്ടായിട്ടുള്ളത് സംഘപരിവാര്‍ ഭാഗത്തു നിന്നാണ് എന്നാണ് എന്റെ അനുഭവം. നമ്മളെ പരിഹസിച്ച്, വിമര്‍ശിച്ച്, വിവരംകെട്ടവളുമൊക്കെയാണെന്നു വരുത്താന്‍, സ്ത്രീയാണ് എന്നതുവച്ചുള്ള ഒരുതരം ആക്രമണം, അതിലൂടെ നമ്മളെ ചെറുതാക്കാം എന്ന ശ്രമം, നമ്മളങ്ങ് ക്ഷീണിച്ച് ഇല്ലാതാകും എന്ന മട്ടിലുള്ള ശ്രമം ഇതൊക്കെ സംഘപരിവാര്‍ ഭാഗത്തുനിന്നാണ് കൂടുതലും ഉണ്ടായിട്ടുള്ളത്. ഇപ്പുറത്തു സഖാക്കളുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങളൊക്കെ അവരും പറയാറുണ്ട്. പക്ഷേ, അധിക്ഷേപവും ആരോപണവും രണ്ടും രണ്ടാണ്. 

മാധ്യമങ്ങളുടെ നിലപാടുകള്‍

അപക്വവും പേരുദോഷം കേള്‍പ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങളിലേക്ക് ദൃശ്യമാധ്യമങ്ങള്‍ പോയി എന്നു ഞാന്‍ പറയില്ല, മറ്റുള്ളവരെ കുറ്റം പറയാനും തയ്യാറല്ല. പക്ഷേ, ദൃശ്യമാധ്യമങ്ങളുടെ ഭാഗത്ത് ചില പിഴവുകളൊക്കെ ഉണ്ടാകുന്നുണ്ട്. പത്രങ്ങളില്‍നിന്നു വ്യത്യസ്തമായി ഓരോ മണിക്കൂറിലും വാര്‍ത്ത കൊടുക്കുന്നവരാണ് ചാനലുകള്‍. കുറച്ചുകൂടി ലൈവായി ഈ പണി ചെയ്യുന്നവരാണ്. നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നവര്‍. അതിന്റെയൊരു ആവേശവും പെട്ടെന്ന് വാര്‍ത്ത എത്തിക്കാനുള്ള തിടുക്കവുമൊക്കെ റിപ്പോര്‍ട്ടര്‍മാര്‍ക്കുണ്ടാകാം. അതിന്റെ ഭാഗമായ ചെറിയ പിഴവുകളും ഉണ്ടാകുന്നുണ്ടാകാം. പക്ഷേ, ഒരു കാര്യമുണ്ട്. പല കാര്യങ്ങളിലും ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് നമുക്ക് അങ്ങനെ വേണ്ട, ഇങ്ങനെ വേണ്ട എന്ന് പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കേണ്ട, എല്ലാവരുടേയും പിന്നാലെ മൈക്കുമായി നടക്കേണ്ട, നമുക്ക് അവര്‍ പറയുന്നതു മാത്രമല്ല പ്രധാനം എന്നൊക്കെ. ഏത് മന്ത്രി ഏത് പരിപാടിക്കു പോയാലും അതിന്റെ പുറത്ത് മൈക്കുവച്ച് കാത്തുനിന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ അത് അവസാനിപ്പിച്ചു. പോകരുത് എന്നാണ് റിപ്പോര്‍ട്ടര്‍മാരോടു നിര്‍ദ്ദേശിക്കാറുള്ളത്. വേറെ ആരെങ്കിലും പോകുന്നതിനെക്കുറിച്ചു പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഇന്ന ആളുടെ അടുത്തുന്ന്, ഇന്ന കാര്യത്തില്‍ നമുക്കൊരു പ്രതികരണം വേണേ എന്ന് പറയാറുണ്ട്.

മൈക്കുവച്ചു മുഖത്തു കുത്തുന്നു എന്നതൊക്കെ പരിഹാസ്യം

പിണറായി വിജയന്റെ പിന്നാലെ പോയതാണല്ലോ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമായത്. പക്ഷേ, എന്തുകൊണ്ടാണ് പോകേണ്ടിവന്നതെന്നു കൂടി ആളുകള്‍ ആലോചിക്കണം. പിണറായി വിജയന്റെ പിന്നാലെ നമുക്കു പോകണ്ട. പക്ഷേ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പിന്നാലെ പല കാര്യങ്ങളിലും അഭിപ്രായം ചോദിച്ച് പോകേണ്ടിവരും. ജനത്തിന് അതറിയാന്‍ ആഗ്രഹമുണ്ട്. മിണ്ടുന്നില്ല എന്നാണെങ്കില്‍ എനിക്കിതില്‍ നിലപാടില്ല, ഞാനിതില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നെങ്കിലും അദ്ദേഹം പറയാന്‍ തയ്യാറാകണം. പുതിയ കാലത്തെ പുതിയ മാധ്യമ രീതികളൊക്കെയുള്ളപ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ പഴയകാലത്തു നിന്നുകൊണ്ട് എനിക്കു തോന്നുമ്പോള്‍ മാത്രം ഞാന്‍ സംസാരിക്കുമെന്നും ഞാന്‍ പറയുന്നതു മാത്രം നിങ്ങള്‍ കേട്ടാല്‍ മതി എന്നുമുള്ള ഒരു ലൈന്‍ വയ്ക്കുന്നത് ശരിയല്ല, സുതാര്യവുമല്ല. തോമസ് ചാണ്ടിയുടെ വിഷയത്തിലാണെങ്കില്‍ മുഖ്യമന്ത്രി എവിടെയെല്ലാമാണോ പോകുന്നത് അവിടെയെല്ലാം പോയി ചോദിക്കാന്‍ ഞാന്‍ തന്നെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് പറയാനുണ്ടെങ്കില്‍ പറയട്ടെ, അല്ലെങ്കില്‍ പറയാനില്ലെന്നു പറയട്ടെ. എന്നുവച്ച് മൈക്കു വച്ച് മുഖത്തിനിട്ടു കുത്തിക്കോ എന്നൊന്നുമല്ലല്ലോ പറയുന്നത്. അതൊക്കെ ഇതിനിടയ്ക്ക് സംഭവിച്ചു പോകുന്നതാണ്. അതുമാത്രം എടുത്തുവച്ച് മുഖത്തു കുത്താനാണോ പോകുന്നത് എന്നൊക്കെ ചോദിക്കുന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രി ഉത്തരം പറയേണ്ടതല്ലേ എന്ന ചോദ്യത്തിനു മറുപടി ഇല്ലാത്തവരാണ് അതുംകൊണ്ട് വരുന്നത്. അതിലൊന്നും കഥയില്ല. മാധ്യമ പ്രവര്‍ത്തനത്തിന്റെ ചെറിയ പിഴവുകളെ ഇതൊന്നുംവച്ച് പര്‍വ്വതീകരിക്കരുത്. അതൊക്കെ തിരുത്താവുന്ന കാര്യങ്ങളാണ്. 

സിന്ധു സൂര്യകുമാറുമായി പിഎസ് റംഷാദ് നടത്തിയ അഭിമുഖം സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com