സംസ്‌കൃത വാഴ്‌സിറ്റിയില്‍ ചരിത്രമെഴുതി എസ്എഫ്‌ഐ, യൂണിയനില്‍ സമ്പൂര്‍ണ സ്ത്രീ ഭരണം 

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി ക്യാംപസ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുഴുവന്‍ സീറ്റുകളും നേടിയെടുത്തുകൊണ്ട് പെണ്‍കുട്ടികള്‍ ചരിത്രമെഴുതി
സംസ്‌കൃത വാഴ്‌സിറ്റിയില്‍ ചരിത്രമെഴുതി എസ്എഫ്‌ഐ, യൂണിയനില്‍ സമ്പൂര്‍ണ സ്ത്രീ ഭരണം 

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി ക്യാംപസില്‍ ഇനി പെണ്‍ ഭരണം. ക്യാംപസ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മുഴുവന്‍ സീറ്റുകളും നേടിയെടുത്തുകൊണ്ട് പെണ്‍കുട്ടികള്‍ ചരിത്രമെഴുതി. കേരള ക്യാംപസ് ചരിത്രത്തിലെ ആദ്യ സംഭവമാണ് കോളെജ് യൂണിയനിലെ മുഴുവന്‍ സീറ്റുകളിലേക്കും പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികളാണ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്. എല്ലാ സീറ്റുകളിലെയും ജയം എസ്എഫ്‌ഐയ്‌ക്കൊപ്പം നിന്നു. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ മുതല്‍ എസ്എഫ്‌ഐ വിജയം ഉറപ്പിച്ചിരുന്നു. പത്രിക സമര്‍പ്പിച്ചപ്പോള്‍ തന്നെ എട്ടു സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികള്‍ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് നടന്നത് ജനറല്‍ സീറ്റുകളായ ചെയര്‍പേഴ്‌സണ്‍, മാഗസീന്‍ എഡിറ്റര്‍, വനിതാ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് മാത്രമായിരുന്നു. ഈ സീറ്റുകളും എസ്എഫ്‌ഐയുടെ പെണ്‍പുലികള്‍ കരസ്ഥമാക്കിയതോടെയാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ക്യാംപസ് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം കുറിച്ചത്. 

ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന ക്യാംപസില്‍ പക്ഷെ സ്ഥാനമാനങ്ങള്‍ എന്നും അണ്‍കുട്ടികളുടെ കൈകളില്‍ തന്നെയായിരുന്നു. യൂണിയനിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം ആണ്‍കുട്ടികള്‍ ഭരിക്കുന്നതിന് ഒരു മാറ്റം കുറിക്കാനാണ് ഇത്തരത്തിലൊരു മല്‍സരനീക്കവുമായി മുന്നോട്ടുപോയതെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി മനോജ് പറയുന്നു. സംസ്ഥാനത്തെ മറ്റൊരു ക്യാംപസിലും ഇത്തരമൊരു യൂണിയന്‍ ഇല്ലെന്നാണ് എസ്എഫ്‌ഐ യൂണിറ്റ് വിജയത്തെകുറിച്ച് പ്രതികരിച്ചപ്പോള്‍ പറഞ്ഞത്. സംസ്‌കൃത സര്‍വകലാശാല ക്യാമ്പസ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന എട്ട് കോളെജുകളിലും എസ്എഫ്‌ഐ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയം കൈവരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com