സ്ത്രീകളെ സ്പര്‍ശിക്കരുത്, ചിരിക്കരുത്; മുസ്ലീം ഡോക്ടര്‍മാര്‍ക്ക് സലഫി നേതാവിന്റെ നിര്‍ദേശങ്ങള്‍

ഒരു പുരുഷന്‍ അന്യ സ്ത്രീയോടൊപ്പം തനിച്ചാവാന്‍ പാടില്ല എന്ന നിയമം ഡോക്ടര്‍ക്കും ബാധകമാണ്‌
സ്ത്രീകളെ സ്പര്‍ശിക്കരുത്, ചിരിക്കരുത്; മുസ്ലീം ഡോക്ടര്‍മാര്‍ക്ക് സലഫി നേതാവിന്റെ നിര്‍ദേശങ്ങള്‍

ആശുപത്രികളിലും, ആംബുലന്‍സുകളിലും കാണുന്ന റെഡ് ക്രോസ് ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാം വിരുദ്ധത നിറഞ്ഞവ മുസ്ലീം ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി സലഫി മത പ്രഭാഷകന്‍ അബ്ദുല്‍ മുഹ്‌സിന്‍ അയ്ദീദ്. ഇസ്ലാം ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിവാദ നിര്‍ദേശങ്ങള്‍. 

വിഗ്രഹാരാധനയുമായി ബന്ധം വെച്ചു പുലര്‍ത്തുന്ന പല തരം ചിഹ്നങ്ങള്‍ വാഹനങ്ങളിലും, വീടുകളിലും, പരിശോധനാ സ്ഥലങ്ങളിലും കാണാറുണ്ട്. കുരിശു രൂപം ഇതിന് ഉദാഹരണമാണ്. മുസ്ലീങ്ങളുടെ വിശ്വാസത്തിലേക്ക് പിഴച്ച ചിന്താഗതികള്‍ അറിയാതെ കയറി വരാനും ദീനില്‍ നിന്നും അകന്ന് പോകുവാനും ഇത് കാരണമാകുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. 

അന്യസ്ത്രീകള്‍ക്ക് ഡോക്ടര്‍മാര്‍ ഹസ്ത ദാനം ചെയ്യുന്നത് ഒഴിവാക്കണം. ഗ്ലൗസ് പോലെ തൊലിയെ മറക്കുന്ന ഏന്തെങ്കിലും ഉണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഡോക്ടര്‍ സ്ത്രീയെ സ്പര്‍ശിക്കാന്‍ പാടുള്ളു. സ്ത്രീയ്ക്ക് മറ്റൊരു മുസ്ലീമായ സ്ത്രീ ഡോക്ടറെ കണ്ടെത്താന്‍ കഴിയാതെ വരികയാണെങ്കില്‍ അവര്‍ മുസ്ലീമായ മറ്റൊരു പുരുഷ ഡോക്ടറിന്റെ  അടുക്കലേക്കാണ് ചെല്ലേണ്ടത്. 

ചികിത്സയ്ക്ക് ആവശ്യമായ ഭാഗമല്ലാതെ മറ്റെല്ലാം മറച്ചായിരിക്കണം സ്ത്രീകള്‍ ചികിത്സയ്ക്കായി ചെല്ലേണ്ടത്. ഒരു പുരുഷന്‍ അന്യ സ്ത്രീയോടൊപ്പം തനിച്ചാവാന്‍ പാടില്ല എന്ന നിയമം ഡോക്ടര്‍ക്കും ബാധകമാണെന്നാണ് അബ്ദുല്‍ മുഹ്‌സിന്‍ അയ്ദീദ് ലേഖനത്തില്‍ പറയുന്നത്. 

അന്യസ്ത്രീയായ രോഗിയെ പരിശോധിക്കുന്ന വേളയില്‍ അവരുമായി  അനാവശ്യ സംസാരങ്ങളില്‍ ഡോക്ടര്‍മാര്‍ ഏര്‍പ്പെടാന്‍ പാടില്ല. ചിരിയിലേക്കും പൊട്ടി ചിരിയിലേക്കും മറ്റുമെല്ലാം നയിക്കുന്ന സംസാരങ്ങള്‍ ആവശ്യമായ സംസാരങ്ങളില്‍ അല്ല പെടുക. രോഗികള്‍ സന്ദര്‍ശിക്കാന്‍ വരുന്ന സ്ഥലങ്ങളില്‍ സ്ത്രീ പുരുഷ മിക്‌സിങ് നടക്കാന്‍ പാടില്ല.  റിസപ്ഷന്‍, വെയിറ്റിങ് ഏരിയ, കണ്‍സല്‍ട്ടേഷന്‍ റൂം എന്നിവയില്‍ സ്ത്രീകളും പുരുഷന്മാരും കൂടി കലരുന്ന സ്ഥിതി ഒഴിവാക്കണമെന്നും ലേഖനത്തില്‍ നിര്‍ദേശിക്കുന്നു. 

കേരള നട്വത്തുല്‍ മുജാഹിദ്ദീനിലെ പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തീവ്ര സലഫി ഗ്രൂപ്പിന്റെ ഭാഗമാണ് അബ്ദുല്‍ മുഹ്‌സിന്‍ അയ്ദീദ്. ദേശീയത ഇസ്ലാം വിരുദ്ധമാണ്, പൊതു വിദ്യാലയങ്ങളിലേക്ക് പെണ്‍കുട്ടികളെ അയക്കരുത് എന്നൊക്കെയുള്ള വിവാദ പരാമര്‍ശങ്ങളും അബ്ദുല്‍ മുഹ്‌സിന്‍ നേരത്തെ നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com