ചുമതല നിര്‍വഹിക്കാന്‍ തന്റേടം കാട്ടണം ; ഗവര്‍ണര്‍ക്കെതിരെ കുമ്മനം രാജശേഖരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd December 2017 12:36 PM |
Last Updated: 23rd December 2017 12:39 PM | A+A A- |

തിരുവനന്തപുരം : ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനെതിരെ ബിജെപി. കണ്ണൂരിലെ സിപിഎം അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണം. സിപിഎം അക്രമങ്ങളില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ വീണ്ടും കാണും.
നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിക്കും. ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. സമാധാനം ഉണ്ടാകാന്‍ സിപിഎമ്മും ബിജെപിയും നടത്തിയ ചര്‍ച്ചകള്‍ സമാധാനവും ശാന്തിയും ഉണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ്. എന്നാല്‍ അതിനെയെല്ലാം ഏകപക്ഷീയമായി ലംഘിച്ചുകൊണ്ട്, സമാധാനം പുലരാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെയാണ്, സിപിഎം അക്രമപ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയും ബിജെപി ആര്‍എസ്എസ് നേതാക്കളും സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന്് തീരുമാനിച്ചിരുന്നു. ഇതെല്ലാം ലംഘിച്ച് സിപിഎം ആയുധമെടുത്ത് അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കുകയാണ്. സമാധാന ചര്‍ച്ച നടത്തിയശേഷം തൃശൂരില്‍ തന്നെ രണ്ടുപേരെ കൊലചെയ്തു. കോട്ടയത്തും, കണ്ണൂരിലുമെല്ലാം സിപിഎം അക്രമം അവിച്ചുവിടുകയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎമ്മിന്റെ ആക്രമണമെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.