ഗുരുവായൂരില്‍ ദേവകോപമെന്ന് താംബൂല പ്രശ്‌നം; ആപത്തുകള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

ഗുരുവായൂരില്‍ ദേവകോപമെന്ന് താംബൂല പ്രശ്‌നം; ആപത്തുകള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
ഗുരുവായൂരില്‍ ദേവകോപമെന്ന് താംബൂല പ്രശ്‌നം; ആപത്തുകള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ ദോഷങ്ങളും ദേവകോപവും ഉള്ളതായി താംബൂല പ്രശ്‌നത്തില്‍ കണ്ടെത്തി. ആനയിടഞ്ഞ് പാപ്പാന്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് ദേവഹിതം അറിയുന്നതിനായാണ് താംബൂല പ്രശ്‌നം നടത്തിയത്. തുടര്‍ന്നും ആപത്തുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ആപത്തുകള്‍ ഒഴിവാക്കാന്‍ ഉടന്‍ പരിഹാരവും പ്രായശ്ചിത്തവും നടത്തണമെന്ന് ജ്യോതിഷികള്‍ വിധിച്ചു. അഗ്നികോണില്‍ പൗരാണികമായി ഭദ്രകാളി സങ്കല്‍പ്പത്തില്‍ ബലി തൂവുന്ന ബലിക്കല്‍ പരിസരവും ശാസ്താ ക്ഷേത്ര പരിസരവും പവിത്രമായി സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്.

ശീവേലി എഴുന്നള്ളിപ്പിന് ഭക്തര്‍ വേണം. തിടമ്പ് വീണതിന് പ്രായശ്ചിത്തം ചെയ്യണം. ആചാരങ്ങളില്‍ വിട്ടുവീഴ്ചയും ഭ്രംശവും വരാതെ തന്ത്രിമാര്‍ ശ്രദ്ധിക്കണം. 

മൂന്നു മാസത്തിലൊരിക്കല്‍ ക്ഷേത്രപരിചാരകരുടെ കൂടിയാലോചനയ്ക്ക് തന്ത്രി നേതൃത്വം നല്‍കണം. വാര്‍ഷിക പൂജകള്‍ മുടങ്ങിയത് പുനസ്ഥാപിക്കണമെന്നും പ്രശ്‌നവിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഭക്തരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ക്യൂ കോംപ്ലക്‌സ് അപാകതകള്‍ പരിഹരിച്ച് നിര്‍മിക്കണം, ഗോശാലകള്‍ നവീകരിക്കണം തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.

കുറ്റനാട് രാവുണ്ണിപ്പണിക്കര്‍, എടക്കളത്തൂര്‍ പുരുഷോത്തമ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു താംബൂല പ്രശ്‌നം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com