ജേക്കബ് തോമസ് വേറെ കണക്ക് ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്: തോമസ് ഐസക് 

ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്
ജേക്കബ് തോമസ് വേറെ കണക്ക് ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്: തോമസ് ഐസക് 

ഖി ദുരന്തത്തില്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് സര്‍ക്കാരിനെ പരിഹസിച്ച മുന്‍ വിജിലന്‍സ് ഡറക്ടറും ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഐഎംജി മേധാവിയുമായ ജേക്കബ് തോമസിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടി വരുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുകയും കാണാതയവരുടേയും മരിച്ചവരുടേയും എണ്ണവും പട്ടികയാക്കി നല്‍കിയതിന് താഴെ കണക്ക് ശരിയാകുന്നുണ്ടോ? കണക്കിന് വേറെ ടീച്ചറെ നോക്കാം എന്നു ജേക്കബ് തോമസ് കുറിച്ചിരുന്നു. 

എല്ലാകൂടി 700കോടി മതിയെന്നും ഉള്ളത് 7000കോടിയാണെന്നും ദേക്കബ് തോമസ് പട്ടികയിലൂടെ പറയുന്നു. ഇതിനെതിരെയാണ് ധനമന്ത്രി രമഗത്ത് വന്നിരിക്കുന്നത്. 

ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ.

ജേക്കബ് തോമസിന്റെ പാഠം ഒന്നില്‍ പറയുന്ന കണക്കുകള്‍ ദുരിതത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സര്‍ക്കാര്‍ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള ഒരു സമഗ്രപരിപാടിയാണിത്. ഐസക് പറയുന്നു. 

ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നു. സൈക്ലോണ്‍ ഭീഷണി ഉണ്ടാകുന്നു, ഈ പശ്ചാത്തലത്തില്‍ തീരദേശത്തിന്റെ ആവാസവ്യവസ്ഥയില്‍ത്തന്നെ മാറ്റങ്ങള്‍ അനിവാര്യമാണ്. സിആര്‍ഇസഡ് പരിധിയില്‍നിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകര്‍ഷകമായ ഭൂമി  പാര്‍പ്പിട പദ്ധതി മാത്രമല്ല, മത്സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം.

ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവെന്തായിരിക്കുമെന്ന് ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കില്‍ ഇക്കാര്യം ഉള്‍പ്പെടുന്നില്ല. എന്നാല്‍ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജില്‍ പാര്‍പ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ നവീകരിക്കണം, തീരദേശ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി വിപുലമായ പദ്ധതികള്‍ക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി രൂപ. ചുരുക്കത്തില്‍ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു കാര്യം ഓര്‍ക്കുക. 13 വര്‍ഷം മുമ്പ് സുനാമി ബാധിതര്‍ക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോള്‍ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷണല്‍ സൈക്ക്‌ലോണ്‍ മിറ്റിഫിക്കേഷന്‍ ഫണ്ട് ഇത്തരം സമഗ്രപദ്ധതികള്‍ക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങള്‍ വ്യത്യസ്ത മന്ത്രാലയങ്ങള്‍ക്കും കൂടി സമര്‍പ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച 40 പേജു വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കില്‍ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല.

ഗുണപാഠം  ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്പോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തില്‍ ഒതുങ്ങരുത്.അദ്ദേഹം കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com