പിസി ജോര്‍ജ്ജിന്റെ ചിത്രത്തില്‍ ഗോമൂത്രാഭിഷേകം നടത്തി കേരള കോണ്‍ഗ്രസ്

കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ പി.സി ജോര്‍ജിന്റെ വാടക ഗുണ്ടകളാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം
പിസി ജോര്‍ജ്ജിന്റെ ചിത്രത്തില്‍ ഗോമൂത്രാഭിഷേകം നടത്തി കേരള കോണ്‍ഗ്രസ്

കോട്ടയം: കേരളകോണ്‍ഗ്രസും പി.സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള പോര് തെരുവിലേക്ക്. പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ പ്രതീകാത്മക പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ്. പി.സി ജോര്‍ജിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ഗോമൂത്രാഭിഷേകം നടത്തിയായിരുന്നു പ്രതിഷേധം. ഇരുപാര്‍ട്ടികളുടെയും യുവജനവിഭാഗങ്ങളാണ് പ്രതിഷേധരംഗത്തുള്ളത്. 

കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ പി.സി ജോര്‍ജിന്റെ വാടക ഗുണ്ടകളാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരുനക്കരയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുത്തു.

കേരളകോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 15000 പേരിലധികം പങ്കെടുത്താല്‍ 'പട്ടിയ്ക്ക് നല്‍കുന്ന ചോറ്' താന്‍ തിന്നുമെന്ന പി.സി ജോര്‍ജിന്റെ വെല്ലുവിളി ഏറ്റുപിടിച്ചായിരുന്നു പ്രതിഷേധം. പി.സിക്കു മറുപടി നല്‍കാന്‍ തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കികൊണ്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരാണ് ആദ്യം രംഗത്ത് വന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ ജനപക്ഷം പ്രവര്‍ത്തകര്‍ ഇതിന് മറുപടിയായി പ്രതിഷേധം സംഘടിപ്പിച്ചു. കെ.എം മാണിയുള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളെ നായ്ക്കളോട് ഉപമിച്ചുകൊണ്ടായിരുന്നു ഇവരുടെ പരിപാടി. 

നഗരത്തില്‍ ജനപക്ഷം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് കേരളകോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. ഓഫീസിന്റെ  ജനല്‍ച്ചില്ലുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും തകത്തു. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് പിടികൂടിയിരിക്കുന്നത് ജനപക്ഷം പ്രവര്‍ത്തകരെയാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 

തുടര്‍ന്നാണ് വൈകുന്നേരം പി.സി ജോര്‍ജിന് നേരെ പ്രതീകാത്മകമായി ഗോമൂത്രാഭിഷേകവുമായി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ വന്നത്. വരും ദിവസങ്ങളിലും ഇതേച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാക്‌പോരും തുടരുമെന്നു തന്നെയാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com