സംഘപരിവാര്‍ തീയിട്ട് നശിപ്പിച്ച ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചു; കേരളം സ്വരൂപിച്ച് നല്‍കിയത് പതിനയ്യായിരത്തിലേറെ പുസ്തകങ്ങള്‍

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചത്.
സംഘപരിവാര്‍ തീയിട്ട് നശിപ്പിച്ച ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചു; കേരളം സ്വരൂപിച്ച് നല്‍കിയത് പതിനയ്യായിരത്തിലേറെ പുസ്തകങ്ങള്‍


തിരൂര്‍: സംഘപരിവാര്‍ തീയിട്ട് നശിപ്പിച്ച തിരൂര്‍ തലൂക്കര എകെജി
സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചത്. 

ഓരോ വായനശാലയും നാടിന്റെ വിളക്കാണ്. നാട്ടില്‍ നന്‍മയും സ്‌നേഹവും വളരാന്‍ വായനശാലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. വായനാശാലയെ പുനര്‍നിര്‍മ്മിക്കാന്‍ കാണിച്ച ആവേശം അഭിനന്ദനാര്‍ഹമാണ്. ലോകമെമ്പാടും ഈ പ്രവൃത്തി ശ്രദ്ധിക്കാനിടയായിട്ടുണ്ടെന്നും വായനാശാല പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രയത്‌നിച്ച നാട്ടുകാരെയും പുസ്തകങ്ങള്‍ സമ്മാനിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

2016 മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് തലൂക്കര എകെജി ഗ്രന്ഥാലയം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചത്. കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയായിരുന്നു. എണ്ണായിരത്തിലധികം പുസ്തകങ്ങളാണ് കത്തി നശിച്ചത്. ഇതേത്തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് സംഘപരിവാറിനെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവന്നത്. പുസ്തക ശേഖരണത്തിനും കെട്ടിട പുനര്‍നിര്‍മ്മാണത്തിനുമായി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തരരും രാഷ്ട്രീയപ്രവര്‍ത്തകരും ഒരുമിച്ചു. ലോകത്തിന്റെ പലഭാഗത്ത് നിന്നും പുസ്തകങ്ങളും പണവും ഗ്രന്ഥാലയ ഭാരവാഹികളെ തേടിയെത്തി. സോഷ്യല്‍ മീഡിയയില്‍ പുസ്തകങ്ങള്‍ ശേഖരിക്കാനായി വലിയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ഷബാന അസ്മി, തോമസ് ഐസക്ക്, എംഎ ബേബി, ബിനോയ് വിശ്വം, ടിഡി രാമകൃഷ്ണന്‍, എന്‍എസ് മാധവന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി സാഹിത്യ രാഷ്ടീയസാംസ്‌കാരിക പ്രവര്‍ത്തകരും ഭാഷാ സ്‌നേഹികളും പുസ്തകങ്ങള്‍ കൈമാറി. സിപിഎം ഇത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചു. 

പ്രദേശത്തെ യുവാക്കളുടെ ശ്രമത്തിലൂടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നാട്ടിലെ തൊഴിലാളികള്‍ അവരുടെ ജോലി കഴിഞ്ഞ് വിശ്രമിക്കാതെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പത്തുലക്ഷത്തോളം രൂപ ചിലവിലാണ് വായനശാല കെട്ടിടം പൂര്‍ത്തിയായത്. പുതുക്കി പണിത ഗ്രന്ഥശാലയില്‍ ഇപ്പോള്‍ പതിനയ്യായിരത്തിന് പുറത്ത് പുസ്തകങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com