'ഇഎംഎസ് ഒരു ജാതിവാദി, താഴ്ന്നജാതിക്കാരെ അദ്ദേഹത്തിന് പുച്ഛമായിരുന്നു'; സിപിഎം നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ഗൗരിയമ്മ

'താഴ്ന്ന ജാതിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ ഇഎംഎസ്സിന് താല്‍പ്പര്യമില്ലാത്തതിനാലാണ് അന്ന് തനിക്ക് അവസരം ലഭിക്കാതിരുന്നത്'
'ഇഎംഎസ് ഒരു ജാതിവാദി, താഴ്ന്നജാതിക്കാരെ അദ്ദേഹത്തിന് പുച്ഛമായിരുന്നു'; സിപിഎം നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ഗൗരിയമ്മ

ഇ.എം.എസ് നമ്പൂതിരിപ്പാട് ജാതിവാദിയും താഴ്ന്ന ജാതിക്കാരോട് പുച്ഛമുള്ളയാളുമായിരുന്നെന്ന് ഗൗരിയമ്മ. സ്വന്തം കാര്യം മാത്രം നോക്കിനടന്നിരുന്ന ആളായിരുന്നു ഇഎംഎസ് എന്നിട്ടും വലിയ കേമനാണെന്ന് പറഞ്ഞ് എല്ലാവരും കൊണ്ടുനടക്കുകയാണെന്നും ഗൗരിയമ്മ ആരോപിച്ചു. ന്യൂഎസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇഎംഎസ് അടക്കമുള്ള സിപിഎമ്മിലെ സമുന്നത നേതാക്കന്‍മാരെ ഗൗരിയമ്മ രൂക്ഷമായി വിമര്‍ശിച്ചത്. 

1987 ല്‍ തനിക്ക് മുഖ്യമന്ത്രിയാവാനുള്ള അവസരം നഷ്ടമാക്കിയത് ഇഎംഎസായിരുന്നു. തന്നോട് വിരോധം ഉണ്ടായതുകൊണ്ടല്ല താഴ്ന്ന ജാതിക്കാരെ മുഖ്യമന്ത്രിയാക്കാന്‍ ഇഎംഎസ്സിന് താല്‍പ്പര്യമില്ലാത്തതിനാലാണ് അന്ന് തനിക്ക് അവസരം ലഭിക്കാതിരുന്നത്. അദ്ദേഹം ഒരു നമ്പൂതിരിയായിരുന്നെന്നും മേല്‍ജാതിക്കാരെ ഭരണത്തിലേക്ക് കൊണ്ടുവരുന്നതിനായാണ് ഭരണമികവൊന്നും ഇല്ലാതിരുന്നിട്ടും നായനാര്‍ മുഖ്യമുന്ത്രിയായതെന്നും ഗൗരിയമ്മ വ്യക്തമാക്കി. നായനാര്‍ ചിരിച്ച് പ്രസംഗിച്ച് നടക്കും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ മുരളിയാണ് ഫയല്‍ നോക്കിയിരുന്നത്. ഒരു തീരുമാനവും നായനാര്‍ എടുത്തിരുന്നില്ലെന്നും ഗൗരിയമ്മ ആരോപിച്ചു. 

ഇഎംഎസ്സിനെക്കുറിച്ച് വലിയ അഭിപ്രായം ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന് റീത്ത് വെക്കാതിരുന്നത്. ഒരാള്‍ കള്ളനാണെന്ന് അറിയാമെങ്കില്‍ നമ്മള്‍ റീത്ത് വെക്കാന്‍ പോകുമോയെന്നാണ് ഗൗരിയമ്മ ചോദിച്ചത്. ആദ്യമായി മുഖ്യമന്ത്രിയാക്കാനിരുന്നത് ഇഎംഎസിനെ ആയിരുന്നില്ല. ടി.വി. തോമസിനെ ആയിരുന്നു. എന്നാല്‍ ടിവി തോമസിന്റെ ചില വൈകല്യങ്ങളാണ് ഇഎംഎസ്സിന് തുണയായത്. തന്റെ ജീവിതത്തിന്റെ പ്രധാന തീരുമാനങ്ങളെല്ലാം പാര്‍ട്ടിയാണ് എടുത്തതെന്നും തനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയെ ഗൗരിയമ്മ രൂക്ഷമായി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com