ഹസനെ ചോദ്യം ചെയ്യണം; ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള സഹകരണത്തിന് തയ്യാര്‍: കുമ്മനം

രാജ്യത്തിന്റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറഞ്ഞേ മതിയാവൂ.
 ഹസനെ ചോദ്യം ചെയ്യണം; ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള സഹകരണത്തിന് തയ്യാര്‍: കുമ്മനം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്നു കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്കാണെന്ന എം.എം.ഹസന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് വെറും ഗ്രൂപ്പ് വഴക്കായി കണക്കാക്കാനാകില്ല. അധികാരത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിനു തെളിവാണ് ഹസന്റെ വാക്കുകള്‍.

കരുണാകരന്‍ മാറി ആന്റണി വരുന്നതോ 'ഐ' യില്‍ നിന്ന് 'എ' യിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ അതിനു വേണ്ടി രാജ്യത്തിന്റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറഞ്ഞേ മതിയാവൂ.

കരുണാകരനെ സ്ഥാന ഭ്രഷ്ടനാക്കാന്‍ വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഹസന് ബാധ്യതയുണ്ട്. ഇതിന് അദ്ദേഹം തയാറാകുന്നില്ലെങ്കില്‍ പൊലീസ് ഹസനെ ചോദ്യം ചെയ്യണം. പൊതുപ്രവര്‍ത്തനം എന്ന മുഖംമൂടിയുമായി ജനങ്ങളെ സമീപിക്കുന്ന ഹസനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമൂഹനന്മയോ രാഷ്ട്ര പുരോഗതിയോ അല്ല ഇവരുടെ ലക്ഷ്യമെന്ന് ഇതോടെ തെളിഞ്ഞു.

രാജ്യത്തെ വഞ്ചിച്ചും അധികാര കസേര ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യമെന്നാണ് ഹസന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഇവരുടെ സങ്കുചിത കുടില ചിന്തകള്‍ മൂലം നിരപരാധികളായ എത്രയോ ശാസ്ത്രജ്ഞന്മാരും സമുന്നതരും ആയ ആളുകളുടെ ജീവിതമാണ് വഴിയാധാരമായത്. അവരുടെ കുടുംബങ്ങളെ ഓര്‍ത്തെങ്കിലും ഹസനെ പോലുള്ളവര്‍ കാര്യങ്ങള്‍ തുറന്നു പറയണം.

ആത്മകഥയുടെ വില്‍പ്പന മൂല്യം കൂട്ടാനുള്ള വഴിയായി ദയവ് ചെയ്ത് ഇതിനെ കാണരുത്. ഉത്തരവാദിത്ത ബോധമുള്ള ഒരു പൊതു പ്രവര്‍ത്തകന്റെ ധര്‍മം ഹസന്‍ നിറവേറ്റണം. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഹസന്റെ വെളിപ്പെടുത്തല്‍ വെറുമൊരു രാഷ്ട്രീയ പ്രസ്താവനയായല്ല കാണേണ്ടത്. രാജ്യ സുരക്ഷയെ അപകടത്തിലാക്കിയ ഒരു സംഭവത്തെപ്പറ്റിയുള്ള സുപ്രധാന വെളിപ്പെടുത്തലായി കാണണം.

ചാരക്കേസിനെപ്പറ്റി സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിന് മാത്രമേ ഇക്കാര്യത്തിലുള്ള സംശയം നീക്കാന്‍ സാധിക്കൂ. കേന്ദ്ര ഏജന്‍സികളുടെ സേവനം വേണമെങ്കില്‍ തേടണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള സഹകരണത്തിന് ബിജെപി തയാറാണ്. നമ്മെ ഭരിച്ചിരുന്നവര്‍ ഒറ്റുകാരായിരുന്നു എന്ന് വരുംതലമുറ പറയുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി എല്ലാവരും സഹകരിച്ച് സത്യം പുറത്തു കൊണ്ടു വരണമെന്ന് അഭ്യര്‍ഥിക്കുന്നു, കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com