ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നത് എന്തുകൊണ്ട്; ഇഎംഎസിന്റെ വിശദീകരണം ഇങ്ങനെ

തനിക്ക് സാധാരണമന്ത്രിയായാല്‍ പോരാ, മുഖ്യമന്ത്രി തന്നെയാവണം എന്ന അവരുടെ ആഗ്രഹവും അതു നടക്കാതെ വന്നപ്പോള്‍ അവരില്‍ മുളപൊട്ടിയ വൈരാഗ്യവും അവരെ പാര്‍ട്ടിക്കെതിരായി തിരിച്ചു
ഗൗരിയമ്മ മുഖ്യമന്ത്രിയാകാതിരുന്നത് എന്തുകൊണ്ട്; ഇഎംഎസിന്റെ വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: ഇഎംഎസ് നമ്പൂതിരിപ്പാട് കള്ളനും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ച നമ്പൂതിരിയുമായിരുന്നെന്ന് കെ ആര്‍ ഗൗരിയമ്മ ആവര്‍ത്തിക്കുന്നത് പതിവാണ്. ഗൗരിയമ്മയുടെ നിലപാടിനെതിരെ ഇഎംഎസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ മറുപടി ഇപ്പോള്‍ പ്രസക്തമാകുന്നു. 

ഇഎംഎസിന്റെ വിശദീകരണം:

തുടര്‍ച്ചയായി എംഎല്‍എയും മന്ത്രിയുമായി ഇരുന്നിട്ടുള്ള ആളെന്ന നിലയില്‍ അറിയപ്പെട്ട ഒരു പാര്‍ട്ടി നേതാവായിരുന്നെങ്കിലും ഗൗരിയമ്മയക്ക് പാര്‍ട്ടിയില്‍ സമുന്നതമായ സ്ഥാനമുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്നും ഒരു ഡസനോളം മെമ്പര്‍മാരുള്ള സെന്‍ട്രല്‍ കമ്മറ്റിയില്‍ അവര്‍ ഒരിക്കലും മെമ്പറായിട്ടില്ല. സെക്രട്ടറിയേറ്റില്‍ പോലും 1988ലാണ് വന്നത്. ആശയപരവും രാഷ്ട്രീയനയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ അവര്‍ വളരെ പുറകോട്ടായിരുന്നു. അത്തരമൊരാളെ നിയമസഭാ പ്രവര്‍ത്തനത്തിന്റെയും മന്ത്രിസ്ഥാനത്തിന്റെയും മാത്രം പേരില്‍ സമുന്നത നേതാവായി കണക്കാക്കുന്ന രീതി ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കേ ചേരൂ.

ഈ ദൗര്‍ബല്യം ഉണ്ടായിരുന്നുവെങ്കിലും എംഎല്‍എ എന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും അവര്‍ ചെയ്ത സേവനം പാര്‍ട്ടി അംഗീകരിക്കുന്നു. പക്ഷെ അടുത്ത കാലത്ത് അതിലും ദൗര്‍ബല്യം പ്രകടമായി. തനിക്ക് സാധാരണമന്ത്രിയായാല്‍ പോരാ, മുഖ്യമന്ത്രി തന്നെയാവണം എന്ന അവരുടെ ആഗ്രഹവും അതു നടക്കാതെ വന്നപ്പോള്‍ അവരില്‍ മുളപൊട്ടിയ വൈരാഗ്യവും അവരെ പാര്‍ട്ടിക്കെതിരായി തിരിച്ചു. പോരെങ്കില്‍, തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച് അഴിമതിയുടെ കഥ പുറത്തുവന്നതോടെ മന്ത്രിയെന്ന നിലയ്ക്ക് അവരുടെ സ്ഥാനവും ചോദ്യചെയ്യപ്പെടേണ്ടതായി വന്നു. ഇതോടെ അവര്‍ മുഖ്യമന്ത്രി കരുണാകരനും സഹകരണമന്ത്രി രാഘവനുമായി അടുക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആലപ്പുഴ സ്വാശ്രയസമിതിയുടെ അധ്യക്ഷയായി അവരെ നിയമിക്കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചത്.

ചിന്ത വാരികയില്‍ പ്രസിദ്ധീകരിച്ച ഇഎംഎസിന്റെ ചോദ്യോത്തര പംക്തിയിലായിരുന്നു മറുപടി. 

അവലംബം: ഇഎംഎസ് സമ്പൂര്‍ണകൃതികള്‍: സഞ്ചിക 53

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com