കരുണാകരനെതിരെ ഗൂഡാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാം: സിബിഐ അഭിഭാഷകന്‍

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു കെ കരുണാകരനെ മാറ്റാനുളള ഗൂഡാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാനാണ് സാധ്യതയെന്ന് ചാരക്കേസിലെ സിബിഐ അഭിഭാഷകന്‍ കെ പി സതീശന്‍
കരുണാകരനെതിരെ ഗൂഡാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാം: സിബിഐ അഭിഭാഷകന്‍

തിരുവനന്തപുരം:  ചാരക്കേസിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു കെ കരുണാകരനെ മാറ്റാനുളള ഗൂഡാലോചന നടന്നത് കെപിസിസിയില്‍ തന്നെയാകാനാണ് സാധ്യതയെന്ന് ചാരക്കേസിലെ സിബിഐ അഭിഭാഷകന്‍ കെ പി സതീശന്‍. ചാരവൃത്തി നടന്നിട്ടില്ലെന്ന് സിബിഐ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനെ അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് കരുണാകരന് മുഖ്യമന്ത്രി പദം നഷ്ടമായത്. സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ പൊലീസ് നമ്പി നാരായണനോട് മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ചാരക്കേസില്‍ ഇപ്പോഴുയര്‍ന്നുവരുന്ന ഗൂഢാലോചനാ വാദങ്ങള്‍ സിബിഐയുടെ അന്വേഷണ സമയത്ത് ഉണ്ടായിരുന്നില്ല. കരുണാകരനെതിരെ സിബിഐ ഒരു ഘട്ടത്തിലും പരാമര്‍ശം നടത്തിയിരുന്നില്ല. മാത്രമല്ല, കേസ് അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് മൂന്നുമാസം മുന്‍പ് ചാരപ്രവര്‍ത്തനമോ രാജ്യദ്രോഹമോ നടന്നില്ലെന്ന് സിബിഐ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. അപ്പോള്‍ ഗൂഢാലോചന നടന്നത് ഇവിടെത്തന്നെയാകുമെന്നും കേസില്‍ സിബിഐക്കു വേണ്ടി ഹാജരായ മുന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്‍ വ്യക്തമാക്കി.

 ചാരപ്രവര്‍ത്തനം നടന്നിട്ടില്ല എന്നതിനപ്പുറം, കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നത് സിബിഐയുടെ അന്വേഷണ വിഷയമായിരുന്നില്ല. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അത്തരമൊരു അന്വേഷണത്തിന് ഇപ്പോള്‍ സാധ്യതയുണ്ടെന്നും കെ.പി.സതീശന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രാജിവയ്പ്പിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ കുറ്റബോധമുണ്ടെന്ന ഹസന്റെ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ ആവശ്യപ്പെട്ടു.കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ലീഡറോട് മാത്രമല്ല ചാരക്കേസില്‍ എല്ലാം നഷ്ടമായ താനുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ട് ഹസ്സന്‍ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും നമ്പിനാരായണന്‍ ചോദിക്കുന്നു.ഹസ്സന്റെ തുറന്ന് പറച്ചിലില്‍ ആശ്വാസമുണ്ട്. പക്ഷെ ഹസ്സനെ പോലെ ആന്റണിയെ വെള്ളപൂശാന്‍ താന്‍ ഒരുക്കമല്ലെന്നും നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് നമ്പിനാരായണന്‍ പറയുന്നു. ഹസ്സന്‍ ഒരു തുടക്കമാണ്. കേസ് ചമച്ചവരില്‍ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്ന് നമ്പിനാരായണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com