കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്പത്തിക ചൂഷകരുടെയും പറുദീസയെന്ന് വിഎം സുധീരന്‍

സാധാരണക്കാര്‍ നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാ കേസ് എടുക്കുകയും സര്‍ക്കാര്‍ നിയമം ലംഘിച്ചാല്‍ അത് വ്യവസ്ഥാപിതമാകുകയും ചെയ്യുന്നത് വൈരുദ്ധ്യമല്ലേ
കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്പത്തിക ചൂഷകരുടെയും പറുദീസയെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നിയമലംഘനങ്ങള്‍ക്കും അഴിമതിക്കും സമ്പന്ന ശക്തികള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും എതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ശക്തമായി പ്രതികരിക്കുകയും ജനാഭിപ്രായം ഉണ്ടാക്കുകയും ചെയ്ത് കൊണ്ടാണല്ലോ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ ഈ ഭരണത്തിന്‍കീഴില്‍ നിയമലംഘനങ്ങളും അഴിമതിയും സമ്പന്ന ശക്തികളോടുള്ള പ്രീണനങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്. മുന്‍ പ്രഖ്യാപനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വിരുദ്ധമായ നിലപാടും നടപടികളുമാണ് ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്പത്തിക ചൂഷകരുടെയും പറുദീസയായി മാറിയിരിക്കുന്നെന്നും കത്തില്‍ സുധീരന്‍ പറയുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലും വരുന്ന നിര്‍ദ്ദിഷ്ട ഭേദഗതികള്‍ വന്‍കിടക്കാരെ സഹായിക്കാന്‍ മാത്രമാണ് ഉതകുക. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ല കേസെടുക്കുമെന്ന് ഒരുഭാഗത്ത് പറയുകയും വന്‍കിടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തന്നെ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി നെല്‍വയല്‍ നികത്താനുള്ള അനുവാദം നല്‍കുമെന്നുള്ള നിയമഭേദഗതി നെല്‍വയല്‍തണ്ണീര്‍ത്തട നിയമത്തെ അട്ടിമറിക്കുന്നതാണ്. സാധാരണക്കാര്‍ നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാ കേസ് എടുക്കുകയും സര്‍ക്കാര്‍ നിയമം ലംഘിച്ചാല്‍ അത് വ്യവസ്ഥാപിതമാകുകയും ചെയ്യുന്നത് വൈരുദ്ധ്യമല്ലേ. ഒരേ കുറ്റം വ്യക്തി ചെയ്താല്‍ നിയമവിരുദ്ധമാവുകയും അത് സര്‍ക്കാര്‍ ചെയ്താല്‍ നിയമവിധേയമാകുകയും ചെയ്യുന്നതെങ്ങനെ? നിയമം സാധാരണക്കാര്‍ക്കും സര്‍ക്കാരിനും ഒരുപോലെ ബാധകമല്ലേയെന്നും സുധീരന്‍ ചോദിക്കുന്നു

കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
നിയമലംഘനങ്ങള്‍ക്കും അഴിമതിക്കും സമ്പന്ന ശക്തികള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും എതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ശക്തമായി പ്രതികരിക്കുകയും ജനാഭിപ്രായം ഉണ്ടാക്കുകയും ചെയ്ത് കൊണ്ടാണല്ലോ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നിട്ടുള്ളത്. എന്നാല്‍ ഈ ഭരണത്തിന്‍കീഴില്‍ നിയമലംഘനങ്ങളും അഴിമതിയും സമ്പന്ന ശക്തികളോടുള്ള പ്രീണനങ്ങളും അനുദിനം വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്. മുന്‍ പ്രഖ്യാപനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വിരുദ്ധമായ നിലപാടും നടപടികളുമാണ് ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്പത്തിക ചൂഷകരുടെയും പറുദീസയായി മാറിയിരിക്കുന്നു.

സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകുന്നതാണ്.

നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചുകൊണ്ട് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം യഥാര്‍ത്ഥത്തില്‍ നിയമം പാലിക്കാത്തവരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ ഉള്ളതാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കി അതെല്ലാം ഉദ്യോഗസ്ഥ സമിതികള്‍ക്ക് കൈമാറുന്നത് അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുന്നതാണ്. നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കെട്ടിടനിര്‍മാണം നടത്തിയവര്‍ 'മണ്ടന്മാരും' നിയമത്തിന് പുല്ലുവില കല്‍പ്പിച്ചവര്‍ മിടുക്കന്മാരുമാകുന്ന അതിവിചിത്രമായ സ്ഥിതിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍ നിയമങ്ങള്‍ മറികടക്കുന്നവരും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരുമാണ്. നിയമലംഘനങ്ങളുടെ പേരില്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്ന കേസുകളുടെ പ്രസക്തി തന്നെ ഇതിലൂടെ ഇല്ലാതാകും. 2017 ജൂലൈ 31നോ അതിനു മുമ്പോ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള ഈ അജണ്ട സര്‍ക്കാരിന്റെ പ്രീതി പറ്റിയ ഏതോ നിയമലംഘകരെ രക്ഷിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്.

കേരള നിക്ഷേപ പ്രോത്സാഹനമൊരുക്കല്‍ നിയമമെന്ന പേരില്‍ വ്യവസായങ്ങള്‍ക്ക് അതിവേഗം അനുമതി നല്‍കുന്നതിനായി പുതിയ ഓര്‍ഡിനന്‍സിനായിട്ടുള്ള മന്ത്രിസഭാ തീരുമാനത്തിന്റെയും നേട്ടങ്ങള്‍ ലഭിക്കുന്നതും നിയമവിരുദ്ധമായി മുന്നോട്ടുവരുന്ന വന്‍കിട സംരംഭകര്‍ക്കാകുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍തന്നെ വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനകള്‍ മറികടക്കാന്‍ പണവും സ്വാധീനവും ഉപയോഗിക്കുന്ന സമ്മര്‍ദ്ദശക്തികള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഈ തീരുമാനത്തിലൂടെ ഉണ്ടാകുന്നത്. കേരള പഞ്ചായത്തിരാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം, കേരള ഭൂജല നിയന്ത്രണ നിയമം, കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും നിയമം, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, കേരള ചുമട്ടുതൊഴിലാളി നിയമം, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന നിയമം തുടങ്ങിയ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും ഭേദഗതി വരുത്തി കൊണ്ടാണ് പുതിയ നിയമ ഭേദഗതിക്കുള്ള തീരുമാനം.

ഈ നിയമങ്ങളോക്കെ നിലനില്‍ക്കെ തന്നെ വേണ്ടത്ര പരിശോധന നടത്താതെ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ അനുവാദം നല്‍കിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി അടച്ചുപൂട്ടാന്‍ അതേ മുന്നണി സര്‍ക്കാരിന് തന്നെ പിന്നീട് തീരുമാനിക്കേണ്ടി വന്നത് വിസ്മരിക്കരുത്.
കൃഷി, ആരോഗ്യം, കുടിവെള്ളം, തൊഴില്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും കമ്പനിയുടെ ചൂഷണം മൂലം വന്‍ പ്രത്യാഘാതം ഉണ്ടായെന്നും 216 കോടി രൂപയുടെ നഷ്ടം കമ്പനി വരുത്തി വച്ചുവെന്നും വിദഗ്ധ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്.

ആറന്മുള വിമാനത്താവള പദ്ധതിയുടെ സ്ഥിതിയും ഇതു തന്നെയല്ലേ? നിയമാധിഷ്ഠിതമായ പരിശോധനയും പഠനവും നടത്താതെ നേരത്തെ ഇടതുമുന്നണി സര്‍ക്കാര്‍ അനുവദിച്ച ആറന്മുള വിമാനത്താവള പദ്ധതി മറ്റൊരു ഇടതുമുന്നണി സര്‍ക്കാരിനു തന്നെ റദ്ദാക്കേണ്ടിവന്നത് ഓര്‍ക്കേണ്ടതുണ്ട്. ഈ അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാതെ വിവിധ സംരംഭങ്ങള്‍ക്ക് വേണ്ട പരിശോധനയും മറ്റും ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്തുന്നത് ഇല്ലാതാക്കുന്ന ഈ പുതിയ നീക്കം സാമൂഹ്യ പ്രത്യാഘാതങ്ങളും പാരിസ്ഥിതിക ദുരന്തങ്ങളും ഉണ്ടാക്കാനേ ഇടവരുത്തൂ. നിയമലംഘകരായ വന്‍കിടക്കാര്‍ക്ക് ഗുണം കിട്ടുമ്പോള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും ദുരിതമാണ് ഉണ്ടാകുക.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലും വരുന്ന നിര്‍ദ്ദിഷ്ട ഭേദഗതികള്‍ വന്‍കിടക്കാരെ സഹായിക്കാന്‍ മാത്രമാണ് ഉതകുക. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ല കേസെടുക്കുമെന്ന് ഒരുഭാഗത്ത് പറയുകയും വന്‍കിടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തന്നെ നിയമത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി നെല്‍വയല്‍ നികത്താനുള്ള അനുവാദം നല്‍കുമെന്നുള്ള നിയമഭേദഗതി നെല്‍വയല്‍തണ്ണീര്‍ത്തട നിയമത്തെ അട്ടിമറിക്കുന്നതാണ്. സാധാരണക്കാര്‍ നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാ കേസ് എടുക്കുകയും സര്‍ക്കാര്‍ നിയമം ലംഘിച്ചാല്‍ അത് വ്യവസ്ഥാപിതമാകുകയും ചെയ്യുന്നത് വൈരുദ്ധ്യമല്ലേ. ഒരേ കുറ്റം വ്യക്തി ചെയ്താല്‍ നിയമവിരുദ്ധമാവുകയും അത് സര്‍ക്കാര്‍ ചെയ്താല്‍ നിയമവിധേയമാകുകയും ചെയ്യുന്നതെങ്ങനെ? നിയമം സാധാരണക്കാര്‍ക്കും സര്‍ക്കാരിനും ഒരുപോലെ ബാധകമല്ലേ?

കള്ളില്‍ മായം ചേര്‍ത്താലുള്ള ശിക്ഷ കുറയ്ക്കുന്ന നിയമഭേദഗതിയിലൂടെ മദ്യലോബിക്ക് എന്തും ചെയ്യാനുള്ള കളമൊരുക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. കേരളത്തിലെ കള്ളുഷാപ്പുകളില്‍ വിതരണം ചെയ്യാനുള്ള വേണ്ടത്ര കള്ള് ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്നതല്ലേ സത്യം?

കള്ളിന്റെ പേരില്‍ പല വിഷപദാര്‍ഥങ്ങളും ചേര്‍ത്ത് വീര്യം വര്‍ദ്ധിപ്പിക്കുന്ന രീതി കുറച്ചെങ്കിലും നിയന്ത്രിക്കപ്പെടുന്നത് കര്‍ശനമായ നിയമം നിലനില്‍ക്കുന്നതുകൊണ്ടാണ്. ഇതിനെല്ലാം ഇളവു നല്‍കി വ്യവസ്ഥകള്‍ ഉദാരമാക്കുന്നത് ദോഷഫലങ്ങള്‍ക്ക് ഇടവരുത്തുമെന്നതില്‍ സംശയമില്ല.

മദ്യ മുതലാളിമാര്‍ക്ക് വേണ്ടി പുതിയ മദ്യനയം കൊണ്ടുവരികയും നാടെങ്ങും മദ്യശാലകള്‍ തുറക്കുന്നതിന് അനുമതി നല്കുകയും ചെയ്തുവരുന്ന സര്‍ക്കാരില്‍ നിന്നും ഇതിലും അപ്പുറമുള്ള നടപടി ഉണ്ടായാലും ആരും അത്ഭുതപ്പെടില്ല.

തോമസ് ചാണ്ടി, പി വി അന്‍വര്‍, ജോയ്‌സ് ജോര്‍ജ് തുടങ്ങിയ ജനപ്രതിനിധികള്‍ നടത്തുന്ന നഗ്‌നമായ നിയമലംഘനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള യഥാര്‍ത്ഥ വെല്ലുവിളിയാണ്. പേരിന് എന്തൊക്കെയോ ചെയ്തുവെന്ന് വരുത്തുക അവര്‍ക്കെല്ലാം നിയമത്തെ ചവിട്ടി മെതിക്കുന്നതിന് സര്‍വ്വ സംരക്ഷണവും നല്‍കുക. സര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരെ ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും അതൊക്കെ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു വന്നിരിക്കുകയാണ്.

നിയമവിരുദ്ധമായും അനധികൃതമായും സര്‍ക്കാര്‍ ഭൂമി കൈവശംവച്ച് വരുന്ന ടാറ്റ, ഹാരിസണ്‍ തുടങ്ങി വന്‍കിട കയ്യേറ്റക്കാരോട് സര്‍ക്കാരിന്റെ മൃദുസമീപനം വ്യക്തമാക്കുന്നത് സര്‍ക്കാര്‍ അവരോടൊപ്പം ആണെന്നതല്ലേ? അവര്‍ക്ക് അനുകൂലമായി ലോ സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതേവരെ സര്‍ക്കാര്‍ തള്ളി പറയാതിരിക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമല്ലേ?

നിയമത്തിന്റെ സര്‍വ്വ സാധ്യതകളും ആരായാതെ കിട്ടിയ ആദ്യ അവസരത്തില്‍തന്നെ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയ സര്‍ക്കാര്‍ നടപടി കമ്മ്യൂണിസ്റ്റ് ഭരണകര്‍ത്താക്കള്‍ക്ക് ഒരിക്കലും യോജിച്ചതല്ല. അവിടെയും സ്വകാര്യ സമ്പന്നശക്തികളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

നിയമവിരുദ്ധമായി ഗെയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുകാരായി മാറി പാവപ്പെട്ട ജനങ്ങളെ തല്ലിച്ചതയ്ക്കുന്ന സര്‍ക്കാര്‍ നടപടി നിയമത്തെ വെല്ലുവിളിക്കുന്നതാണ്.

വളരേയേറെ വിവാദങ്ങള്‍ ഉണ്ടാക്കാവുന്ന നിയമഭേദഗതികള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് അതിന്റെ കുറ്റങ്ങളും കുറവുകളും ഒഴിവാക്കി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു പകരം തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകളിലൂടെ നിയമനിര്‍മ്മാണം നടത്തുന്ന സര്‍ക്കാരിന്റെ ഈ ഓര്‍ഡിനന്‍സ് ഭ്രമം നിയമസഭയോടും ജനങ്ങളോടുമുള്ള അനീതിയും അനാദരവുമാണ്.

നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും നിലവിലുള്ള നിയമങ്ങളെ തന്നെ അട്ടിമറിക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധവും ജനദ്രോഹ പരവുമായ നടപടികളെക്കുറിച്ച് സ്വയം പരിശോധിക്കാനും ആവശ്യം വേണ്ട തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ 'നിയമവ്യവസ്ഥയുടെ അട്ടിമറിക്കാര്‍' എന്ന നിലയിലാകും ഭാവിയില്‍ ഈ സര്‍ക്കാര്‍ അറിയപ്പെടുക.

ഈ നടപടികളും പ്രവര്‍ത്തനശൈലിയും കേരളത്തിന് വരുത്തിവയ്ക്കുന്ന കോട്ടങ്ങളും കെടുതികളും അപരിഹാര്യമായിരിക്കും.

വിഎം സുധീരന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com