സ്വന്തം കാര്യം വന്നപ്പോള്‍ സ്വകാര്യ ആശുപത്രിയെ സമീപിച്ചു; കെ കെ ശൈലജ രാജിവെക്കണമെന്ന് കുമ്മനം

വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമില്ലാത്ത കമ്മ്യൂണിസ്റ്റ് വാചാടോപത്തിന്റെ മുഖമാണ് കെ കെ ഷൈലജയും. ആദര്‍ശവും ധാര്‍മ്മികതയുമൊക്കെ അണികള്‍ക്ക് മാത്രം മതിയെന്ന കമ്മ്യൂണിസ്റ്റ് രീതിയാണ് ഷൈലജയ്ക്കും
സ്വന്തം കാര്യം വന്നപ്പോള്‍ സ്വകാര്യ ആശുപത്രിയെ സമീപിച്ചു; കെ കെ ശൈലജ രാജിവെക്കണമെന്ന് കുമ്മനം

കോട്ടയം: ഭര്‍ത്താവിന്റേയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാ ബില്‍ നല്‍കി പണം തട്ടിയ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉടന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല ക്രിമിനല്‍ കുറ്റം കൂടിയാണ് മന്ത്രി ചെയ്തിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാളാണ് ഷൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍. മാത്രവുമല്ല മട്ടന്നൂര്‍ നഗരസഭയുടെ ചെയര്‍മാനുമായിരുന്നു. സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന വ്യാജരേഖ ചമച്ചാണ് മന്ത്രി സര്‍ക്കാരില്‍ നിന്ന് പണം തട്ടിയത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ഔദ്യോഗിക പദവിയിലിരുന്ന് കൃത്രിമ രേഖകളില്‍ ഒപ്പിട്ട മന്ത്രിയ്ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലെന്നും കുമ്മനം പറഞ്ഞു.

ചികിത്സാ ചെലവ് തിരികെ കിട്ടാന്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം ഭക്ഷണത്തിന്റെ ബില്ല് നല്‍കിയതും നിയമ വിരുദ്ധമാണ്. ചികിത്സാ ചെലവിന്റെ ബില്ലിനൊപ്പം ഭക്ഷണ ചെലവ് നല്‍കാന്‍ പാടില്ലെന്നാണ് നിയമം. ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നിട്ടും പണം തിരികെ കിട്ടാന്‍ സമര്‍പ്പിച്ച രേഖകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളിലെല്ലാം മന്ത്രി തന്നെയാണ് ഒപ്പിട്ടിരിക്കുന്നതും. സ്വകാര്യ ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്താതെയാണ് അതിന്റെ പണവും മന്ത്രി തിരികെ വാങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ വ്യാജ രേഖകളും ബില്ലുകളും നല്‍കി സര്‍ക്കാരിനെ മന്ത്രി തന്നെ പറ്റിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച രേഖകളെല്ലാം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ രാജി മാത്രമാണ് അഭികാമ്യം. പൊതു പ്രവര്‍ത്തനത്തോടും പൊതു ജീവിതത്തോടും അല്‍പ്പമെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ ഷൈലജ സ്വയം രാജി വെച്ചൊഴിയണം. ഇല്ലെങ്കില്‍ മുഖ്യമന്ത്രി അവരെ പുറത്താക്കണം.

കേരളത്തിന്റെ പൊതു ആരോഗ്യ രംഗത്തെപ്പറ്റി ഊറ്റം കൊള്ളുന്ന ആരോഗ്യമന്ത്രി സ്വന്തം കാര്യം വന്നപ്പോള്‍ സ്വകാര്യ ആശുപത്രിയെ സമീപിച്ചത് തന്നെ നാണം കെട്ട കാര്യമാണ്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തമില്ലാത്ത കമ്മ്യൂണിസ്റ്റ് വാചാടോപത്തിന്റെ മുഖമാണ് കെ കെ ഷൈലജയും. ആദര്‍ശവും ധാര്‍മ്മികതയുമൊക്കെ അണികള്‍ക്ക് മാത്രം മതിയെന്ന കമ്മ്യൂണിസ്റ്റ് രീതിയാണ് ഷൈലജയും പിന്തുടരുന്നത്. മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്നാണ് ഹൈക്കോടതി നേരത്തെ ഇതേ മന്ത്രിയെ വിമര്‍ശിച്ചത്. ബാലാവകാശ കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെ തിരുകി കയറ്റിയും ഷൈലജ നേരത്തെ തന്നെ ആരോപണ വിധേയയായതാണ്. ഈ സംഭവം കൂടിയായതോടെ മന്ത്രിയായി തുടരാന്‍ ഒട്ടും അര്‍ഹതയില്ലെന്ന് ഷൈലജ തെളിയിച്ചിരിക്കുകയാണെന്നും കുമ്മനം  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com