ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2017 06:01 PM |
Last Updated: 28th December 2017 06:01 PM | A+A A- |

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.
അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് കോടതി നിര്‍ദേശം നല്‍കി. എം.ജി ശ്രീകുമാര്‍ 2010 ല്‍ എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലംവാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്.
കെട്ടിടം നിര്‍മ്മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമ വിരുദ്ധമായി അനുമതി നല്‍കുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി യാതൊരു നടപടിയെടുത്തില്ലെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.