കത്തിപ്പോയ കാരണവക്കസേരകള്‍, ചിലങ്ക കെട്ടിയ തെരുവ്.. അങ്ങനെയങ്ങനെ

കലാലയ സമരങ്ങളായിരുന്നു ഈ വര്‍ഷം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വാര്‍ത്തകളില്‍ പലതും.ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ജാഗ്രത കാണിച്ചത് കേളത്തിലെ വിദ്യാര്‍ത്ഥി സമൂഹമായിരിക്കും. 
കത്തിപ്പോയ കാരണവക്കസേരകള്‍, ചിലങ്ക കെട്ടിയ തെരുവ്.. അങ്ങനെയങ്ങനെ

"Education is not preparation for life. Education is life itself"

രിക്കുന്നതിന് ഏതാനും ദിവസംമുമ്പ് ജിഷ്ണു പ്രണോയ് തന്റെ വീടിന്റെ ചുമരിലെഴുതിവച്ച വാക്കുകളായിരുന്നു ഇത്. ജിഷ്ണുവിന്റെ ആത്മഹത്യ അഴിച്ചുവിട്ട കൊടുങ്കാറ്റോടെ ആരംഭിച്ച 2017 അവസാനിക്കുമ്പോള്‍ ഈ വാക്കുകള്‍ കേരളത്തിലെ ഒട്ടുമിക്ക കലാലയങ്ങളിലും ചുവരെഴുത്തുകളായി അടയാളപ്പെട്ടിരിക്കുന്നു. കലാലയ സമരങ്ങളായിരുന്നു ഈ വര്‍ഷം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന വാര്‍ത്തകളില്‍ പലതും. ജിഷ്ണുവില്‍ തുടങ്ങി ലോ അക്കാദമി സമരവും എംഇഎസ് സമരവും അവസാനം തട്ടമിട്ട പെണ്‍കുട്ടികളുടെ ഫഌഷ് മോബ് വരെ എത്തിനില്‍ക്കുന്നു ആ ചര്‍ച്ചകള്‍. കാലമാവശ്യപ്പെടുന്ന സര്‍ഗാത്മക സമരങ്ങള്‍ ഈ വര്‍ഷം കലാലയങ്ങളില്‍ ഏറെയുണ്ടായി. കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്നത് ആരോഗ്യപരമായ സര്‍ഗാത്മക പ്രതിരോധങ്ങളാണോ അക്രമ രാഷ്ട്രീയമാണോ എന്ന തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹൈക്കോടതി വിധിയും ഇതേ വര്‍ഷം തന്നെയാണ് വന്നത്. 

ഇനിയും മരിക്കാത്ത കലാലയങ്ങള്‍ രാജ്യത്തുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് കേരളത്തിലെ കലാലയങ്ങളിലരങ്ങേറിയ സര്‍ഗാത്മക പ്രതികരണങ്ങള്‍ കണ്ടായിരുന്നു. ജെഎന്‍യുവിന് ശേഷം കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത് കേരളത്തിലെ കലാലയങ്ങളില്‍ നിന്നായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ജാഗ്രത കാണിച്ചത് കേളത്തിലെ വിദ്യാര്‍ത്ഥി സമൂഹമായിരിക്കും. സര്‍വകലാശാലകളില്‍ തുടക്കമിട്ട ക്യാമ്പയിനുകള്‍ സ്‌കൂളുകളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിക്കുന്നതും സജീവ ചര്‍ച്ചകളാകുന്നതും കേരളം കണ്ടു. കടന്നുവരാന്‍ പോകുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് കേരളത്തിലെ കലാലയങ്ങള്‍ രാജ്യത്തെ നിരന്തരം ഓര്‍മ്മിച്ചുകൊണ്ടേയിരുന്നു. 

ഗോവധ നിരോധന നിയമ ഓര്‍ഡിനന്‍സ് കേന്ദ്രം നടപ്പാക്കിയപ്പോള്‍ ആദ്യം പ്രതിഷേങ്ങള്‍ നടന്നത് കേരളത്തിലെ കലാലയങ്ങളിലായിരുന്നു. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന പിറ്റേദിവസം അവധിയായിരുന്നിട്ടും വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റിവലുകള്‍ നടത്തി രംഗത്തെത്തി. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ക്യാമ്പസുകളിലും ബീഫ് ഫെസ്റ്റിവലുകള്‍ നടന്നു. പുറത്തിറങ്ങിയ എല്ലാ കോളജ് മാഗസിനുകളിലും ഭക്ഷണ സ്വാതന്ത്ര്യത്തെ തടുക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ എഴുതുകയും വരയ്ക്കുകയും ചെയ്തു. കോളജ് മാഗസിനുകളിലൂടെ വിദ്യാര്‍ത്ഥികള്‍ മുഖ്യധാരയെ തിരുത്തുന്ന കാഴ്ചയ്ക്കും 2017 സാക്ഷ്യം വഹിച്ചു. 

ബീഫ് ഫെസ്റ്റിവല്‍
 

പോയവര്‍ഷം കലാലയങ്ങള്‍ നടത്തിയ പ്രതികരണങ്ങള്‍ പ്രത്യാശാ നിര്‍ഭരമായിരുന്നു. വളര്‍ന്നുവരുന്ന മതതീവ്രവാദത്തെയും ഫാസിസത്തേയും ചെറുക്കാന്‍ ശക്തമായ ശബ്ദമുയര്‍ന്നുവന്നത് കേളത്തിലെ കലാലയങ്ങളില്‍ നിന്നായിരുന്നുവെന്ന് നിസംശയം പറയുവാന്‍ സാധിക്കും. കസേര കത്തിക്കല്‍ പോലുള്ള അപക്വമായ സമരങ്ങള്‍ നടന്നിട്ടുണ്ട് എന്ന് എസ്എഫ്‌ഐ സമ്മതിക്കുന്നു. അതിന് മുമ്പും പിന്നാലെയും ഉയര്‍ന്നുവന്ന ബീഫ് ഫെസ്റ്റിവലുകള്‍,ഫഌഷ് മോബ് സമരങ്ങള്‍ പോലുള്ള സര്‍ഗാത്മക സമരങ്ങള്‍ അരങ്ങേറിയതും ഇതേവര്‍ഷം തന്നെയാണ്. പെല്ലറ്റ് പോലുള്ള വളരെ പൊളിറ്റിക്കലായ കോളജ് മാഗസിനുകള്‍ പുറത്തിറങ്ങിയ വര്‍ഷം. യഥാര്‍ഥത്തില്‍ പെല്ലറ്റ് എന്ന പേര് തന്നെ വലിയ ഒരു സമര പ്രഖ്യാപനമായിരുന്നു. നിര്‍ഭാഗ്യവശാല്‍ മാഗസിനിലെ ഉള്ളടക്കത്തിലെ രണ്ടു മൂന്ന് പേജുകളിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങുകയാണ് ഉണ്ടായത്. എല്ലാ കാലഘട്ടത്തിലും കേരളത്തിലെ ക്യാമ്പസുകളില്‍ നടന്നിട്ടുള്ള സര്‍ഗാത്മക പ്രതിരോധങ്ങളുടെ പരിശ്ചേതം മാത്രമാണ് ആ കാരിക്കേച്ചറുകള്‍. പക്ഷേ മത തീവ്രവാദികള്‍ അത് തെറ്റായി വ്യാഖ്യാനിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചു. അതിനോട് യോജിക്കാന്‍ സാധിക്കില്ല. 2017ല്‍ ആരംഭിച്ച സമരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും 

- ജെയ്ക് സി.തോമസ്.എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി

നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത ക്യാമ്പസ് എന്നപേരില്‍ എസ്എഫ്‌ഐ നടത്തിയ കേരള പര്യടനവും സംഘപരിവാര്‍ ഫാസിസത്തിനെതിരെ എഐഎസ്എഫ് കന്യാകുമാരി മുതല്‍ പഞ്ചാബിലെ ഹുസൈനിവാല വരെ നടത്തിയ ലോങ് മാര്‍ച്ചും കേരളത്തിലെ ക്യാമ്പസുകള്‍ ആരവങ്ങളോടെയാണ് ഏറ്റെടുത്തത്. 

അതിരുകടക്കുന്ന തീവ്ര ദേശീയതയ്‌ക്കെതിരെ തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ കോളജ് മാഗസിനില്‍ ഒരു കാരിക്കേച്ചര്‍ വരച്ചപ്പോള്‍ സംഘപരിവാറും പുരോഗമന സ്വഭാവമുള്ള കെഎസ്‌യുവും ഒരേ സ്വരത്തില്‍ അതിനെ എതിര്‍ക്കുന്നതും ഇതേവര്‍ഷം കേരളം കണ്ടു. 
'കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം' എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്. ദേശീയഗാനം സ്‌ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ രേഖാചിത്രമായിരുന്നു ഇത്. ചിത്രം ദേശീയ ഗാനത്തെ അപമാനിക്കുന്നതായി പ്രചരിക്കപ്പെട്ടു. മാഗസിന്‍ സമിതിയിലുള്ള വിദ്യാര്‍ത്ഥികള്‍  ഇപ്പോഴും കേസിന് പിന്നാലെയാണ്. ബ്രണ്ണന്‍ കോളജ് അതിന്റെ 125ാം വാര്‍ഷികം ആഘോഷിക്കുന്ന അതേവര്‍ഷം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ സൈന്യവും തീവ്രവാദികളും ജീവിതം തകര്‍ത്ത കശ്മീര്‍ ജനതയോട് ഐക്യപ്പെട്ട് പെല്ലറ്റ് എന്ന പേരില്‍ മാഗസിനിറക്കിയത്. 

ഭക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ പതിവായപ്പോള്‍ പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്‌കൃത കോളജ് മാംസബുക്ക്, വിശപ്പിന്റെയും രുചിയുടേയും പുസ്തകം എന്ന മാഗസിനിലൂടെയാണ് നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് സമൂഹത്തോട് വിളിച്ചു പറഞ്ഞത്. മാസ ഭക്ഷണം കഴിക്കുന്നത് മോശമാണെന്ന പ്രചാരണം തെറ്റാണെന്ന് വിളിച്ചു പറഞ്ഞു മാഗസിന്‍. 

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈക്കോടതി വിധി വന്ന അതേ സമയത്ത് പുറത്തിറങ്ങിയ എറണാകുളം ലോ കോളജ് മാഗസിന് വിദ്യാര്‍ത്ഥികള്‍ പേരിട്ടത് 'സമരം' എന്നായിരുന്നു. ഒരു പുസ്തകം മുഴുവന്‍ കാലം ആവശ്യപ്പെടുന്ന സമരങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും ഐക്യദാര്‍ഢ്യങ്ങളും. 

നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ വാര്‍ഷിക മാഗസിനായ 'ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ' എന്ന മാഗസിന്‍ കോളജ് അധികൃതര്‍ നിരോധിച്ചത് സമൂഹത്തിലെ ദലിത്,ന്യൂനപക്ഷ വിരുദ്ധതകളെക്കുറിച്ച് തുറന്നെഴുതിയത് കൊണ്ടായിരുന്നു. 

ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ രണ്ടുചേരി തിരിഞ്ഞ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനും 2017 സാക്ഷ്യം വഹിച്ചു. ഇടത് വിദ്യാര്‍ത്ഥി സംഘടന എഐഎസ്എഫ് സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടന എബിവിപിക്കൊപ്പം സമരം നയിച്ചത് കേരളം അത്ഭുതത്തോടെ വീക്ഷിച്ചു. എസ്എഫ്‌ഐയുടെ സമരനീക്കങ്ങളെക്കുറിച്ച് ക്യാമ്പസുകളില്‍ വ്യാപക ചര്‍ച്ചകള്‍ തുടക്കമിടാനും ലോ അക്കാദമി സമരത്തിന് കഴിഞ്ഞു. 

ലോ അക്കാദമി സമര വിജയാഘോഷം
 

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ മാത്രം നിറഞ്ഞു നിന്ന കലാലയ മതിലുകളിലേക്ക് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള പിന്തുണയും സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരായുള്ള ചെറുത്തു നില്‍പ്പുകളും ലിംഗസമത്വ വാചകങ്ങളും കയറിവന്ന വര്‍ഷം കൂടിയാണ് 2017. ഏറ്റവും നല്ല ഉദാഹരണം കെ.ഇ കോളജിലെ പോസ്റ്ററുകളായിരുന്നു. സ്ത്രീലിംഗം തെറിയായി വ്യാഖ്യാനിക്കപ്പെടുന്നതിനെതിരെ വനിതാ ദിനത്തിന്റെ തലേദിവസം ക്യാമ്പസില്‍ യൂണിയന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പുരുഷ കേന്ദ്രീകൃത സമൂഹത്തോടുള്ള വെല്ലുവിളി തന്നെയായിരുന്നു.  

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയെ കേളത്തിലെ കലാലയങ്ങള്‍ സ്വീകരിച്ചത് ബാന്‍ ആര്‍എസ്എസ് പോസ്റ്ററുകളുമായായിരുന്നു. തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജില്‍ സംഘപരിവാറിനെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ കേരളത്തിന്റെ പൊതുമനസ്സായി വിലയിരുത്തപ്പെട്ടു.

കലാലയങ്ങളില്‍ വലിയ മാറ്റം വന്ന വര്‍ഷണാണ് 2017. അതിഭീകരമാം വിധം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ ഫാസിസത്തേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ ചെറുക്കാന്‍ സമൂഹത്തെ പഠിപ്പിക്കുന്ന തരത്തില്‍ നിരവധി സമരങ്ങള്‍ കേരളത്തിലെ കലാലയങ്ങളില്‍ നിന്നുണ്ടായി. എന്നാലും എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം മൂലമുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കഴിഞ്ഞ വര്‍ഷം അടയാളപ്പെടുക. അതിന് ഏറ്റവും വലിയ ഉദാഹരണം എസ്എഫ്‌ഐയുടെ ഏക സംഘടന തത്വത്തിലുറച്ച അക്രമ പരമ്പരകളെ തുടര്‍ന്ന് കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടന്ന ഹൈക്കോടതി പരാമര്‍ശമാണ്. ഇനിവരുന്ന വര്‍ഷങ്ങളിലെങ്കിലും എസ്എഫ്‌ഐ ഈ നിലപാടുകള്‍ തിരുത്തുമെന്ന് കരുതുന്നു 

-കെ.എം അഭിജിത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ ഫഌഷ് മോബിനെതിരെ മത സങ്കുചിത ചിന്തക്കാര്‍ ആക്രമണമഴിച്ചുവിട്ടപ്പോള്‍ കേരളത്തിലെ കലാലയങ്ങള്‍ പ്രതികരിച്ചത് തെരുവോരങ്ങളില്‍ ഫഌഷ് മോബുകള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. ഐഎഫ്എഫികെ വേദിയില്‍ വരെ പെണ്‍കുട്ടികള്‍ ഫഌഷ് മോബുമായെത്തി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. 

ഹാദിയ വിഷയത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഉയര്‍ന്നുവന്നത്. എറണാകുളം മഹാരാജാസ് കോളജിലാണ് ഹാദിയക്ക് പിന്തുണയുമായി ഏറ്റവും കൂടുതല്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ ഭൂരിഭാഗം ക്യാമ്പസുകളും ഈ വിഷയത്തില്‍ മൗനമായിരുന്നു. 

ലോകത്ത് നടക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങളിലും പ്രതികരിക്കുന്ന കേരളത്തിലെ കലാലയങ്ങള്‍ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് ചെയ്തത്. ഓഖി ദുരന്തം നടമാടിയ തീര ജനതയുടെ കണ്ണീരിനൊപ്പം നില്‍ക്കാന്‍ പ്രബുദ്ധ കലാലയങ്ങള്‍ മറന്നുപോയി. പഴയ തലമുറയെപ്പോലെതന്നെ മത്സ്യത്തൊഴിലാളികളെ പൊതുസമൂഹത്തിന്റെ ഭാഗമായി കാണാനുള്ള മടികൊണ്ടാണോ ഒരു പോസ്റ്റര്‍ പോലും പതിക്കാതെ കേരളത്തിലെ കലാലയങ്ങള്‍ ഓഖി ദുരന്തത്തിന് ഇരയായവരെ മറന്നുകളഞ്ഞതെന്ന കാതലായ ചോദ്യം ഉയര്‍ന്നു നില്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com