ദിലീപ് ഗണേഷ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th December 2017 08:41 PM |
Last Updated: 29th December 2017 08:41 PM | A+A A- |

പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഗണേഷ് കുമാര്‍ എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ ഗണേഷിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി ഇതിനെ കണ്ടാല്‍ മതിയെന്നും എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിനെ ഇടതുപക്ഷ എം.എല്‍.എയായ ഗണേഷ് കുമാര്‍ സന്ദര്‍ശിക്കുകയും താരത്തിന് അനുകൂല നിലപാട് എടുത്തതും നേരത്തെ ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേഷ് അടക്കമുള്ള സിനിമാക്കാര്‍ ജയിലില്‍ എത്തി ദിലിപിനെ സന്ദര്‍ശിക്കുന്നത് എന്നായിരുന്നു ആക്ഷേപം. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള ദിലീപിന്റെ സന്ദര്‍ശനം ഏറെ ആകാംക്ഷകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്.