പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് സന്ദേശം; കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു
പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് സന്ദേശം; കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍


കൊച്ചി:  നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്.

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സിഎല്‍പ്രിന്റോ അറസ്റ്റിലായിരുന്നു. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തന്റെ ആരാധനാപാത്രമായ മമ്മൂട്ടി സിനിമയെ വിമര്‍ശിച്ചതിന് നടിക്കെതിരെ ഫെയ്‌സ്ബുക്കില്‍ ഏഴു പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്‌ക്കെതിരായ കണ്ടെത്തല്‍. 

ഐഎഫ്എഫ്‌കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കസബ ഉള്‍പ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമര്‍ശിച്ചെന്ന തരത്തില്‍ പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു ഡിജിപിക്കും കൊച്ചി റേഞ്ച് ഐജിക്കും പാര്‍വതി പരാതി നല്‍കിയത്

ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്. 

്അതേസമയം കസബ സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അര്‍ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം പ്രതികരിക്കാന്‍ വൈകിയത് വിദേശത്തായിരുന്നതിനാലാണെന്നും മമ്മൂട്ടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com