മുറിച്ചെടുത്ത ആനക്കൊമ്പുകള്‍ ഗുരുവായൂരിലെ ആനകളുടേതോ..? ജനിതക പരിശോധന നടത്തുമെന്ന് അന്വേഷണസംഘം

അറസ്റ്റിലായ മൂന്ന് പാപ്പാന്മാരെയും സസ്‌പെന്‍ഡ് ചെയ്തതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മുറിച്ചെടുത്ത ആനക്കൊമ്പുകള്‍ ഗുരുവായൂരിലെ ആനകളുടേതോ..? ജനിതക പരിശോധന നടത്തുമെന്ന് അന്വേഷണസംഘം

തൃശൂര്‍ : ആനക്കൊമ്പുമായി ഗുരുവായൂര്‍ ദേവസ്വത്തിലെ മൂന്ന് പാപ്പാന്മാര്‍ അറസ്റ്റിലായി. ഗുരുവായൂര്‍ ആനക്കോട്ടയിലെ പാപ്പാന്മാരായ ഗണേഷ് കുമാര്‍, പി കെ പ്രേമന്‍, ഉഷാകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആറ് കഷണം ആനക്കൊമ്പാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ആറ് കിലോയോളം തൂക്കം വരും. ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. 

ഫഌയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ജി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ഗുരുവായൂരില്‍ നിന്ന് പിടികൂടിയത്. കൊമ്പിന്റെ ആഗ്രഭാഗത്ത് നിന്ന് മുറിച്ചെടുത്ത നിലയിലാണ് ആറ് കഷണവും. കഷണങ്ങള്‍ക്ക് 18 മുതല്‍ 20 സെന്റിമീറ്റര്‍ വരെ നീളമുണ്ട്. കൊമ്പ് ചീകി ഭംഗിയാക്കുന്നതിന്റെ മറവില്‍ മുറിച്ചെടുത്തതാണോ എന്ന് സംശയിക്കുന്നു. മരുന്നു നിര്‍മ്മാണത്തിന്റെ ആവശ്യത്തിനാണെന്നാണ് പിടിയിലായവര്‍ പറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കൊല്ലം പുത്തന്‍കുളം സ്വദേശി നല്‍കിയ ആനക്കൊമ്പ് എറണാകുളത്തെ ഇടനിലക്കാരനില്‍ നിന്ന് 23,000 രൂപയ്ക്ക് വാങ്ങിയതാണെന്നും പിടിയിലായവര്‍ പറഞ്ഞതായി ഡിഎഫ്ഒ സൂചിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ബൈക്കില്‍ വരുമ്പോഴാണ്, താമസസ്ഥലത്തിന് അടുത്തുനിന്നും കവറിലാക്കിയ ആനക്കൊമ്പ് സഹിതം പിടികൂടുന്നത്. കൊമ്പ് ഗുരുവായൂരിലെയോ പരിസരങ്ങളിലെയോ ആനകളുടേതാണോ എന്നറിയാന്‍ ജനിതക പരിശോധന നടത്താനൊരുങ്ങുകയാണ് അധികൃതര്‍. കൊമ്പിന് കിലോയ്ക്ക് 35,000 മുതല്‍ 60,000 രൂപ വരെ വില ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്റെ പാപ്പാനാണ് ഷൊര്‍ണൂര്‍ സ്വദേശിയായ ഗണേഷ് കുമാര്‍. പ്രതികളെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ മൂന്ന് പാപ്പാന്മാരെയും സസ്‌പെന്‍ഡ് ചെയ്തതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com