എന്‍സിപി ലയനം തള്ളാതെ കോവൂര്‍ കുഞ്ഞുമോന്‍; മന്ത്രിസ്ഥാനം ചോദിച്ചിരുന്നു

എന്‍സിപിയുമായുള്ള ലയന സാധ്യത തള്ളിക്കളയാതെ ആര്‍എസ്പി(എല്‍) എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍
എന്‍സിപി ലയനം തള്ളാതെ കോവൂര്‍ കുഞ്ഞുമോന്‍; മന്ത്രിസ്ഥാനം ചോദിച്ചിരുന്നു

തിരുവനന്തപുരം: എന്‍സിപിയുമായുള്ള ലയന സാധ്യത തള്ളിക്കളയാതെ ആര്‍എസ്പി(എല്‍) എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍. ആര്‍എസ്പി (എല്‍) മന്ത്രിസ്ഥാനം ചോദിച്ചിരുന്നുവെന്നും ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനം ആര്‍ക്ക് കൊടുക്കണം എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പാര്‍ട്ടിയോടും എതിര്‍പ്പില്ലെന്നും എന്‍സിപിയുമായുള്ള ലയന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസമാണ് ഉണ്ടാകേണ്ടതെന്നും അതിന്റെ ചര്‍ച്ച നടന്നിട്ടില്ലെന്നും കുഞ്ഞുമോന്‍ പറഞ്ഞു. 

കേരള കോണ്‍ഗ്രസ് (ബി) എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് കോവൂര്‍ കുഞ്ഞുമോനും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം എംഎല്‍എ വിജയന്‍ പിള്ളയും എന്‍സിപിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നത്. തങ്ങള്‍ എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷണപിള്ള വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫിന് ആവശ്യമെങ്കില്‍ പാര്‍ട്ടി ലേബലില്‍ മന്ത്രിയാകാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് (ബി)യുടെ ഒരേയൊരു എംഎല്‍എ ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. 

ആരോപണ വിധേയരായി ആകെയുള്ള രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതിനെത്തുടര്‍ന്ന് എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞികിടക്കുകയാണ്. ദേശീയ പാര്‍ട്ടി ആയിരുന്നിട്ടും ഒരു സംസ്ഥാനത്തും മന്ത്രിയില്ല എന്നത് പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കുമെന്ന ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് എന്‍സിപി ആരോപണ വിധേയരല്ലാത്ത ചെറു പാര്‍ട്ടി എംഎല്‍എമാരെ കൂടെക്കൂട്ടി മന്ത്രിസ്ഥാനം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com