എന്‍സിപി സംസ്ഥാന അധ്യക്ഷന്റെ നീക്കങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാതെ; ടി.പി പീതാംബരനെതിരെ നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം

പീതാംബരന്‍ ദേശീയ നേതൃത്വത്തെക്കൊണ്ട് തെറ്റായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 
എന്‍സിപി സംസ്ഥാന അധ്യക്ഷന്റെ നീക്കങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാതെ; ടി.പി പീതാംബരനെതിരെ നേതൃയോഗത്തില്‍ രൂക്ഷ വിമര്‍ശനം

കൊച്ചി: കേരള കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഹകരിക്കാനുള്ള എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്റെ നീക്കങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാതെയെന്ന് എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ വിമര്‍ശനം. ബാലകൃഷ്ണപിള്ളയെ എന്‍സിപിയുമായി സഹകരിപ്പിക്കാനുള്ള ശ്രമത്തിന് എതിരെ എ.കെ ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും ഒറ്റക്കെട്ടായി രംഗത്തെത്തി. പീതാംബരനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പീതാംബരന്‍ ദേശീയ നേതൃത്വത്തെക്കൊണ്ട് തെറ്റായ തീരുമാനങ്ങള്‍ എടുപ്പിക്കുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

ആകെയുള്ള രണ്ട് എംഎല്‍എമാരും ആരോപണ വിധേയരായി മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി എല്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം എന്നിവരെ കൂടെനിര്‍ത്തി മന്ത്രിസ്ഥാനം തിരിച്ചു പിടുക്കാനുള്ള നീക്കം എന്‍സിപി നടത്തിയിരുന്നു. ബാലകൃഷണപിള്ളയുമായി എന്‍സിപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നും അടുത്ത നാലിന് ദേശീയ നേതാവ് ശരദ് പവാറിനെ കാണുമെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെ ചേര്‍ന്ന നേതൃയോഗത്തിലാണ് പീതാംബരനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

ആര് ആദ്യം ക്ലീന്‍ കാര്‍ഡുമായി വരുന്നോ അവര്‍ക്ക് മന്ത്രിസ്ഥാനം എന്നായിരുന്നു എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിക്കും പാര്‍ട്ടി നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍ ദേശീയ പാര്‍ട്ടി ആയിരുന്നിട്ടും പാര്‍ട്ടിക്ക് ഒരു സംസ്ഥാനത്തും മന്ത്രിയില്ലെന്ന എന്‍സിപി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പീതാംബരന്റെ നേതൃത്വത്തില്‍ മന്ത്രിസ്ഥാനം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com