പഞ്ചിംഗില്‍ മന്ത്രിമാരുടെ സ്റ്റാഫടക്കം ഒരാളെയും ഒഴിവാക്കില്ല : കര്‍ക്കശ നിലപാടുമായി മുഖ്യമന്ത്രി

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു
പഞ്ചിംഗില്‍ മന്ത്രിമാരുടെ സ്റ്റാഫടക്കം ഒരാളെയും ഒഴിവാക്കില്ല : കര്‍ക്കശ നിലപാടുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ നടപ്പാക്കുന്ന പഞ്ചിംഗ് സമ്പ്രദായം മന്ത്രിമാരുടെ ഓഫീസുകള്‍ക്കും ബാധകമാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിനോട് സിപിഎം മന്ത്രിമാര്‍ അടക്കം വിയോജിപ്പ് അറിയിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിമാരുടെ സ്റ്റാഫിന്റെ ജോലിക്ക് നിശ്ചിതസമയമില്ല. ചില സ്റ്റാഫംഗങ്ങള്‍ സെക്രട്ടേറിയറ്റിന് പുറത്ത് മന്ത്രിമാരുടെ വസതികളിലും മറ്റുമായി ജോലിചെയ്യുന്നു. അതിനാല്‍ അവര്‍ക്ക് പഞ്ചിംഗ് പ്രായോഗികമല്ലെന്നാണ് വിയോജിപ്പ് ഉന്നയിക്കുന്നവരുടെ വാദം. 

മന്ത്രിമാരുടെ ഓഫീസുകളിലെ ഈ അഭിപ്രായം കൂടി കണക്കിലെടുത്തായിരുന്നു പൊതുഭരണവകുപ്പ് മാര്‍ഗരേഖ തയ്യാറാക്കിയത്. എന്നാല്‍ പൊതുഭരണ വകുപ്പ് തയ്യാറാക്കിയ മാര്‍ഗരേഖ മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. മന്ത്രിമാരുടെ ഓഫീസിനെയും പഞ്ചിംഗില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. 

മന്ത്രിമാരുടെ ഓഫീസിന്റെ എതിര്‍പ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ഇന്നലെ സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ഇതില്‍ പലരും തങ്ങളുടെ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം. ഘടകകക്ഷി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുമായി എംവി ജയരാജന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് മന്ത്രിമാരുടെ ഓഫീസ് സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിളിച്ചുചേര്‍ക്കുന്നത്. 

ഘടകകക്ഷി മന്ത്രിമാരുടെ സ്റ്റാഫിന്റെ കൂടി യോഗത്തിന് ശേഷം വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് എംവി ജയരാജന്‍ അറിയിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ക്ക് ശമ്പളമില്ലെന്ന്  പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലറില്‍ അറിയിച്ചു. 

രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ രാവിലെ 9.30 മുതല്‍ 5.30 വരെ ഫഌക്‌സി ടൈം അനുവദിക്കും. എന്നാല്‍ ഏഴു മണിക്കൂര്‍ ജോലി നിര്‍ബന്ധമായും ചെയ്തിരിക്കണം. വൈകീട്ട് ജോലി അവസാനിക്കുന്ന സമയമായ 5.15 ന് മുമ്പ് പോകുന്നവര്‍ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണം. പഞ്ചിംഗ് സോഫ്റ്റ്‌വെയറിനെ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് നടപ്പാക്കുന്നത്. 

തുടര്‍ച്ചയായി മൂന്ന് ദിവസം സമയത്ത് പഞ്ചിംഗ് മുടങ്ങിയാല്‍ ശമ്പളം കുറയുമെന്നതിനാല്‍ ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. നേരത്തെ സെക്രട്ടേറിയറ്റില്‍ പ#്ചിംഗ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് ജീവന്കകാര്‍ തോന്നുമ്പോള്‍ വരികയും തോന്നുമ്പോള്‍ പോകുകയും ചെയ്യുന്നു എന്ന ആക്ഷേപം വര്‍ഷങ്ങള്‍ക്ക് മുമ്പേയുണ്ട്. ഇതിന് അറുതി വരുത്തി ജീവനക്കാരുടെ അച്ചടക്കവും ജോലിയിലെ കാര്യക്ഷമതയും വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ നടപടി. ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലയേറ്റ ഉടന്‍ പ്രഖ്യാപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com