പഞ്ച് ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല ; സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ധാര്‍ഷ്ട്യത്തെ നിലക്ക്‌നിര്‍ത്തി സര്‍ക്കാര്‍

പഞ്ച് ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല ; സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ധാര്‍ഷ്ട്യത്തെ നിലക്ക്‌നിര്‍ത്തി സര്‍ക്കാര്‍

. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം : പുതുവര്‍ഷം മുതല്‍ പഞ്ച് ചെയ്ത് ജോലിക്ക് കയറാത്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ശമ്പളം ഉണ്ടാകില്ല. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അങ്ങനെ ചെയ്യാത്തവര്‍ക്ക് ശമ്പളമില്ലെന്ന്  പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലറില്‍ അറിയിച്ചു. 

രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ രാവിലെ 9.30 മുതല്‍ 5.30 വരെ ഫഌക്‌സി ടൈം അനുവദിക്കും. എന്നാല്‍ ഏഴു മണിക്കൂര്‍ ജോലി നിര്‍ബന്ധമായും ചെയ്തിരിക്കണം. വൈകീട്ട് ജോലി അവസാനിക്കുന്ന സമയമായ 5.15 ന് മുമ്പ് പോകുന്നവര്‍ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണം. 

പഞ്ചിംഗിന് അനുവദിച്ചിരിക്കുന്ന 10 മിനുട്ട് ഗ്രേസ് ടൈമിന് പകരം മാസത്തില്‍ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാല്‍ മൂന്ന് ദിവസം താമസിച്ച് വരുന്നതിനും മൂന്ന് ദിവസം നേരത്തെ പോകുന്നതിനും ഓരോ കാഷ്വല്‍ ലീവ് വീതം കുറവ് വരുത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.  പഞ്ചിംഗ് സോഫ്റ്റ്‌വെയറിനെ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് നടപ്പാക്കുന്നത്. 

എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറമേ കാണത്തക്കവിധം ധരിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ആഭ്യന്തരവകുപ്പില്‍ നിന്ന് ജനുവരി അഞ്ചുമുതല്‍ പുതിയ ലാന്‍യാഡും കാര്‍ഡ് ഹോള്‍ഡറും കൈപ്പറ്റണം. പഞ്ചിംഗ് മെഷീനിലൂടെ ഹാജര്‍ രേഖപ്പെടുത്താനാകാത്തവര്‍ നോര്‍ത്ത് ബ്ലോക്കിലെ 117 റൂമിലെ കെല്‍ട്രോണിന്റെ സെല്ലുമായോ, സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയിലെ സെല്ലുമായോ നേരിട്ട് ബന്ധപ്പെട്ട് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കേണ്ടതാണെന്നും സര്‍ക്കുലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com