വിമര്‍ശിച്ചത് മമ്മൂട്ടിയെയല്ല; സിനിമയിലെ സ്ത്രീവിരുദ്ധതയെയാണെന്ന് പാര്‍വതി

ഇത്തരം വിഷയത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കുമെന്നും പാര്‍വതി പറഞ്ഞു.
വിമര്‍ശിച്ചത് മമ്മൂട്ടിയെയല്ല; സിനിമയിലെ സ്ത്രീവിരുദ്ധതയെയാണെന്ന് പാര്‍വതി

കസബ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നടി പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കി. താന്‍ വിമര്‍ശിച്ചത് സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ്. അല്ലാതെ മമ്മൂട്ടിയെയല്ല എന്നാണ് പാര്‍വതി ദി സ്‌ക്രോള്‍ ഡോട്ട് ഇന്‍ എന്ന മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. ഇത്തരം വിഷയത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കുമെന്നും പാര്‍വതി പറഞ്ഞു.

സത്യത്തില്‍, ഞാന്‍ അദ്ദേഹത്തെ നല്ലൊരു നടന്‍ എന്നാണ് വിളിച്ചത്. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു. മമ്മുട്ടിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല.  പക്ഷേ,   സംഭാഷണം പുറത്തുവന്നപ്പോള്‍ പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചു എന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെ ആണ്  വിമര്‍ശിച്ചതെന്നും പാര്‍വതി പറയുന്നു.

സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിന്റെ ഉത്തരവാദിത്വം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. ഈ അവബോധത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും പാര്‍വതി പറഞ്ഞു.

തന്റെ സിനിമയിലെ ലിപ്‌ലോക്കിനെ വിമര്‍ശിച്ചവര്‍ക്കും പാര്‍വതി മറുപടി നല്‍കി. സിനിമയില്‍ കാമുകനുമായി ഉഭയസമ്മത പ്രകാരം ചെയ്യുന്ന ഒരു കാര്യം ഒരു സ്ത്രീക്കെതിരെ ലൈംഗിക അതിക്രമണം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്യമാകുന്നതെങ്ങനെയെന്ന് പാര്‍വതി ചോദിച്ചു.

തന്നോട് മിണ്ടാതിരിക്കൂ എന്ന് പലരും പറയുന്നുണ്ട്. പക്ഷേ ഇപ്പോള്‍ താന്‍ മിണ്ടാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ മിണ്ടാതിരിക്കേണ്ടി വരും. മറ്റാരെയും പോലെ മിണ്ടാന്‍ തനിക്കും അവകാശം ഉണ്ട്. അത് ഇനിയും തുടരും എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com