കോടതിയില്‍നിന്നു പിടിച്ചാലും നിയമപ്രശ്‌നമുണ്ടാവില്ല

ജഡ്ജി ഇരിപ്പിടത്തില്‍ ഇല്ലാത്ത സമയത്ത് ആയതിനാല്‍ പൊലീസ് നടപടിയെ ചോദ്യം ചെയ്യാനാവില്ല 
കോടതിയില്‍നിന്നു പിടിച്ചാലും നിയമപ്രശ്‌നമുണ്ടാവില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ കോടതിയില്‍നിന്ന് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തതിനെ നിയമപരമായി ചോദ്യം ചെയ്യാനാവില്ലെന്ന് നിയമ വിദഗ്ധര്‍. കോടതി കൂടുന്ന സമയത്ത് കോടതി മുറിയില്‍നിന്ന് ആരെയും കസ്റ്റഡിയില്‍ എടുക്കാനോ അറസ്റ്റു ചെയ്യാനോ പൊലീസിനാവില്ല. എന്നാല്‍ കോടതി കൂടാത്ത സമയത്തു നടക്കുന്ന പൊലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മജിസ്‌ട്രേറ്റ് ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് പ്രതി സുനില്‍കുമാര്‍ കോടതിയിലേക്ക് ഓടിക്കയറിയത്. ജഡ്ജി ഇരിപ്പിടത്തില്‍ ഇല്ലാത്ത സമയത്ത് കോടതികെട്ടിടത്തെ നിയമപരമായ പരിരക്ഷയുള്ള കോടതിയായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ ഏതു കെട്ടിടത്തിന് അകത്തും നടക്കുന്ന പൊലീസ് നടപടിയായി മാത്രമേ സുനിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത നടപടിയെ നിയമപരമായി കണക്കാക്കാനാവൂ. ജഡ്ജി ഇരിപ്പിടത്തില്‍ എത്തുന്നതിനു തൊട്ടുമുമ്പ് സുനി കോടതിക്കെട്ടിടത്തില്‍ എത്തിയത് ഇക്കാര്യത്തില്‍ പൊലീസിന് രക്ഷയാവും.
ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച സുനിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അനുസരിച്ചാവും ഇനി കോടതിയില്‍ ഹാജരാക്കുക. അറസ്റ്റ് രേഖപ്പെടുത്തി ഇരുപത്തിനാലു മണിക്കൂറിനകമാണ് കോടതിയില്‍ ഹാജരാക്കേണ്ടത്.
കീഴടങ്ങിയതിനു ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ കോടതിയുടെ മേല്‍നോട്ടമുണ്ടാവുന്ന സാഹചര്യം ഒഴിവാക്കാനാണ് കീഴടങ്ങും മുമ്പ് ഏതു വിധേനയും സുനിയെ പിടികൂടാന്‍ പൊലീസ് തീവ്രശ്രമം നടത്തിയത്. ചോദ്യംചെയ്യലിനായി പൊലീസിനു വിട്ടുകൊടുത്താലും ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ഉത്തരവാദിത്വം കോടതിക്കാണ്. അതുകൊണ്ടുതന്നെ ചോദ്യംചെയ്യലിനു പരിമിതികളുണ്ടാവും. ഇത് ഇല്ലാതിരിക്കാനാണ് കോടതിക്കകത്തു പോലും ബലപ്രയോഗം നടത്തി പൊലീസ് സുനിയെ കസ്റ്റഡിയിലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com